

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും കെ മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിലവിൽ യാതൊരു തിടുക്കത്തിനും കാര്യമില്ല. മെയ് നാലാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമുണ്ട്. വല്ലാതെ ടെൻഷനടിച്ച് 24 മണിക്കൂറിനകം നേതാവിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമില്ലല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എത്ര സീറ്റുകൾ ലഭിച്ചു എന്ന് നോക്കി ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കുക. നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ മാത്രമല്ല, എംപിമാരുടെ കൂടി അഭിപ്രായം തേടും. നിലവിൽ എംപിമാരായവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും കെ മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. എന്നാൽ നാലാം തീയതിക്ക് ശേഷം മാത്രമേ തന്റെ അഭിപ്രായം പറയൂ. കോൺഗ്രസ് പ്രസിഡന്റിനെ ആർക്കും കാണാൻ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായം അറിയിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് ഖാർഗെയും കണ്ടയാളും മാത്രം അറിഞ്ഞാൽ മതി. ആരു പറയണം, ആരു പറയേണ്ട എന്നൊന്നും പറയാൻ താൻ അളല്ല. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കേണ്ട കാര്യമാണ്. അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates