അയ്യോ എന്തൊരു ബ്ലോക്ക്! ലോകത്തിലെ ഏറ്റവും കൂടുതൽ ​ഗതാ​ഗതക്കുരുക്കുള്ള നഗരങ്ങളിൽ കൊച്ചിയും; പട്ടിക ഇങ്ങനെ

'സിറ്റി ഓഫ് ജോയ്' ഗതാഗതക്കുരുക്കിന്‍റെ കാര്യത്തില്‍ ശോകനഗരമാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
Kochi Traffic
കൊച്ചിയിലെ ​ഗതാ​ഗതക്കുരുക്ക്വിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

കൊച്ചി: ഇന്ത്യയിലെ മഹാന​ഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പുതിയ കാര്യമൊന്നുമല്ല. ചെറുന​ഗരങ്ങൾ പോലും ശ്വാസംമുട്ടുന്ന നിലയിലുള്ള ​ഗതാ​ഗതക്കുരുക്ക് പലയിടങ്ങളിലും കാണാൻ കഴിയും. ചില സമയങ്ങളിൽ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളമാണ് യാത്രക്കാർക്ക് റോഡിൽ ചെലവഴിക്കേണ്ടി വരാറുള്ളതും. ഇപ്പോഴിതാ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കനുഭവിക്കുന്ന ലോകനഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും സ്ഥാനം പിടിച്ചിരിക്കുകയാണ്.

തിരക്കേറിയ സമയത്ത് 10 കിലോ മീറ്റര്‍ താണ്ടണമെങ്കില്‍ എറണാകുളത്ത് ശരാശരി 28 മിനിറ്റും 30 സെക്കന്‍റും വേണ്ടിവരുമെന്ന് 'ദ് ടോം ടോം ട്രാഫിക് ഇന്‍ഡക്സി'ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുരുക്കില്‍ കുടുങ്ങി സ്ഥിരം യാത്രക്കാര്‍ക്ക് വര്‍ഷത്തില്‍ 78 മണിക്കൂര്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 62 രാജ്യങ്ങളിലായി 500 നഗരങ്ങളിലെ ട്രാഫിക് ട്രെൻഡുകൾ വിശകലനം ചെയ്തു കൊണ്ടുള്ള ടോംടോം ട്രാഫിക് ഇൻഡെക്സിന്റെ 14-ാം പതിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 ന​ഗരങ്ങളിതാ...

കൊൽക്കത്ത

രാജ്യത്ത് ഏറ്റവും 'വൃത്തികെട്ട' ട്രാഫിക് കുരുക്ക് കൊല്‍ക്കത്തയിലാണുള്ളത്. 'സിറ്റി ഓഫ് ജോയ്' ഗതാഗതക്കുരുക്കിന്‍റെ കാര്യത്തില്‍ ശോകനഗരമാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 34 മിനിറ്റും 33 സെക്കന്‍റും കൊണ്ട് മാത്രമേ 10 കിലോമീറ്റര്‍ ദൂരം കടക്കാനാവൂ. വര്‍ഷത്തില്‍ 110 മണിക്കൂറാണ് കൊല്‍ക്കത്തക്കാര്‍ക്ക് ഇങ്ങനെ ബ്ലോക്കിൽപ്പെട്ട് നഷ്ടമാകുന്നത്.

ബം​ഗളൂരു

34 മിനിറ്റും പത്ത് സെക്കന്‍റുമെടുത്താല്‍ തിരക്കേറിയ സമയത്ത് 10 കിലോ മീറ്റര്‍ പിന്നിടാം. ബംഗളൂരുവിലെ ട്രാഫിക് കുരുക്കില്‍ പെട്ട് ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത്, അത് കിട്ടിയ ശേഷം കഴിക്കുന്നതിന്‍റെ വിഡിയോ ആളുകള്‍ സോഷ്യൽ മീ‍ഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

പൂനെ

33 മിനിറ്റും 22 സെക്കന്‍റും വേണം പുനെയിൽ തിരക്കുള്ള സമയത്ത് 10 കിലോ മീറ്റർ യാത്ര ചെയ്യാൻ. ഒരു വർഷത്തിൽ 108 മണിക്കൂറുകൾ നഗരത്തിലെ തിരക്കിൽ ചെലവിടേണ്ടി വരും.

ഹൈദരാബാ​ദ്

31 മിനിറ്റ്, 30 സെക്കന്‍റും വേണം 10 കിലോ മീറ്റർ സഞ്ചരിക്കണമെങ്കിൽ. പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനസാന്ദ്രത കൂടുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഹൈദരാബാദിൽ. ആഗോളതലത്തിൽ ഹൈദരാബാദ് പതിനെട്ടാം സ്ഥാനത്താണ്.

ചെന്നൈ

10 കിലോ മീറ്ററിനായി 30 മിനിറ്റ്, 20 സെക്കന്‍റ് സഞ്ചരിക്കണം ചെന്നൈയിൽ. വീതി കുറഞ്ഞ റോഡുകളും കൃത്യമായി പരിപാലിക്കപ്പെടാത്തതുമെല്ലാം ചെന്നൈയിലെ യാത്രാക്ലേശം ഇരട്ടിയാക്കുന്നു. മുപ്പത്തിയൊന്നാം സ്ഥാനത്താണ് ആ​ഗോളതലത്തിൽ ചെന്നൈ.

മുംബൈ

29 മിനിറ്റ്, 26 സെക്കന്‍റ് ചെലവഴിക്കണം മുംബൈയിൽ 10 കിലോ മീറ്റർ കടന്നു കിട്ടാൻ. വിപുലമായ പൊതുഗതാഗത സംവിധാനം ഉണ്ടായിരുന്നിട്ടും വൻ ജനസംഖ്യയും പരിമിതമായ റോഡുകളും കാരണം മുംബൈയിലെ ട്രാഫിക് സ്ഥിരമായി മാറി.

അഹമ്മദാബാദ്

സാംസ്കാരിക വാണിജ്യ കേന്ദ്രമെന്ന നിലയിൽ നഗരത്തിൻ്റെ പദവി ഗതാഗതക്കുരുക്ക് വർധിപ്പിച്ചു. 29 മിനിറ്റും 3 സെക്കന്‍റും വേണം തിരക്കേറിയ സമയത്ത് 10 കിലോ മീറ്റർ സഞ്ചരിക്കണമെങ്കിൽ. മെട്രോ വരുന്നതോടു കൂടി തിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണിപ്പോൾ യാത്രക്കാർ.

എറണാകുളം

28 മിനിറ്റ്, 30 സെക്കന്‍റ് വേണം എറണാകുളത്ത് 10 കിലോ മീറ്റർ താണ്ടണമെങ്കിൽ. വർധിച്ചുവരുന്ന ജനസംഖ്യയും വിനോദസഞ്ചാരവും എല്ലാം കൊച്ചിയിലെ തിരക്ക് കൂടാൻ കാരണമാകുന്നു. ഇടുങ്ങിയ റോഡുകളും പരിമിതമായ പാർക്കിങ്ങും മറ്റൊരു കാരണമാണ്.

ജയ്പൂർ

വിനോദസഞ്ചാരം തന്നെയാണ് ജയ്പൂരിലും ട്രാഫിക് ബ്ലോക്കുണ്ടാകാൻ പ്രധാന കാരണം. 28 മിനിറ്റ്, 28 സെക്കൻഡ് വേണം 10 കിലോ മീറ്റർ യാത്രയ്ക്ക്.

ന്യൂഡൽഹി

വീതിയേറിയ റോഡുകളുണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണമാണ് ന്യൂഡൽഹിയിൽ വെല്ലുവിളി ഉയർത്തുന്നത്. 10 കിലോ മീറ്ററിന് ഏകദേശം 23 മിനിറ്റും 24 സെക്കന്റും ചെലവഴിക്കണം ഡൽഹിയിൽ. ആഗോളതലത്തിലുള്ള പട്ടികയിൽ ന്യൂഡൽഹി 122 ാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com