തിരുവനന്തപുരം: തെളിവുകളില്ലാതെ താന്‍ ഒരു ആരോപണവും സര്‍ക്കാരിനതിരെ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള അനുമതി വിദേശ കമ്പനികള്‍ക്ക് നല്‍കുന്നത് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ്. കൊച്ചിയില്‍ നടന്ന നിക്ഷേപസംഗമത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. ഇവര്‍ക്ക് ചേര്‍ത്തലയില്‍ സ്ഥലം അനുവദിച്ചു. 400 യാനങ്ങള്‍ നിര്‍മിക്കാന്‍ കേരള ഷിപ്പിങ് ആന്റ് ഇന്‍ലന്റ് കോര്‍പ്പറേഷനുമായി കരാര്‍ ഉറപ്പിച്ചു. ഇത്രയും കാര്യം മുന്നോട്ടുപോയപ്പോഴാണ് താന്‍ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടതെന്ന് ചെന്നിത്തല ഐശ്വര്യ കേരള യാത്രയ്ക്ക് കാട്ടാക്കടയില്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.
ആദ്യം മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ഞാനൊന്നും അറിഞ്ഞില്ലെന്നാണ്. മന്ത്രിയുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ പുറത്തുവിട്ടപ്പോള്‍ പിന്നെ പറഞ്ഞത് കമ്പനിയുടെ ആളുകള്‍ തന്നെ വന്നു കണ്ടുവെന്നാണ്. എന്താ പറഞ്ഞതെന്ന് എനിക്കോര്‍മയില്ലെന്ന്. വൈകുന്നേരം പറഞ്ഞത് മത്സ്യനയത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നാണ്. യഥാര്‍ഥത്തില്‍ അതാണ് പ്രശ്നം. വിദേശ യാനങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള അനുമതി നയത്തില്‍ അവര്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. അതനുസരിച്ചാണ് കമ്പനി പദ്ധതിക്ക് അപേക്ഷ കൊടുത്തത്.
ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവര്‍ക്കും ഭ്രാന്താണെന്ന് പറയുക- അദ്ദേഹം പരിഹസിച്ചു.
രേഖകളില്ലാതെ, വസ്തുതകളില്ലാതെ താന്‍ ഒരു ആരോപണവും സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടില്ല. സ്പ്രിംഗ്ലര്‍ ആയാലു ഇഎംസിസി ആയാലും തന്റെ പക്കല്‍ രേഖകളുണ്ട്. അടിയന്തരമായി കരാര്‍ റദ്ദ് ചെയ്യണമെന്നാണ് തന്റെ ആവശ്യം. അല്ലാത്ത പക്ഷം കേരളം കണ്ട് ഏറ്റവും വലിയ സമരങ്ങള്‍ക്ക് സര്‍ക്കാര്‍ സാക്ഷിയാവേണ്ടി വരും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൊള്ളയടിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. ഇതാണോ പാവങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ അമേരിക്കന്‍ കമ്പനിയുമായി മുന്നോട്ടുപോവാന്‍ ധൈര്യമുണ്ടോ എന്ന് താന്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates