

കണ്ണൂര്‍: ഇന്ന് തുലാം പത്ത്, വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം. ഇടവപ്പാതിയോടെ നടയടച്ചാണ് തുലാം പത്തെന്ന പത്താമുദയം പതിവായി പിറക്കുക. ഇക്കുറി കനത്ത മഴയുടെ അകമ്പടിയോടെയാണ് വടക്കെ മലബാര്‍ തുലാം പത്തിനെ വരവേറ്റത്. ഇന്ന് മുതല്‍ വടക്കെ മലബാറില്‍ തെയ്യക്കാവുകള്‍ സജീവമാകും.
തെയ്യക്കാവുകളില്‍ പത്താമുദയപൂജ ഒരനുഷ്ഠാനമാണ്. ഇക്കുറിയും ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. പത്താമുദയം വിത്തിടലിന്റെ ദിനമാണ് കൃഷിക്കാര്‍ക്ക് പ്രധാനപ്പെട്ട ഒരു ദിവസം. കന്നി കൊയ്ത്ത് കഴിഞ്ഞുള്ള കാര്‍ഷിക ആഘോഷം. സൂര്യന്‍ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസം കൂടിയാണിന്ന്. സൂര്യനെ ആരാധിക്കുന്ന ദിനം. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണ് പത്താമുദയ ആചാരങ്ങള്‍.
ഓരോ കളിയാട്ടവും ഒരു ഉത്സവം എന്നതില്‍ ഉപരി ഒരു ഒത്തുചേരല്‍ കൂടിയാണ്. മുതിര്‍ന്ന തലമുറ മുതല്‍ പിഞ്ചുകുട്ടികള്‍ വരെ ഒന്നിച്ചു കൂടിയിട്ടുള്ള ഭക്ഷണം പാകം ചെയ്യല്‍, പൊട്ടന്‍ തെയ്യത്തിന്റെ മേലേരി ചാടല്‍ വിഷ്ണുമൂര്‍ത്തിക്കുള്ള ഗോവിന്ദ വിളി. വിണ്ണിലെ ദൈവങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അള്ളടസ്വരൂപം മുതല്‍ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂര്‍ത്തികളുടെയും ഉഗ്രസ്വരൂപിണികളുടെയും ഉറഞ്ഞാട്ടത്തിനുള്ള കാലത്തിനും തുടക്കമാകുന്നു.
പത്താംമുദയത്തിന് കുടുംബത്തിലെ കാരണവരും കാര്‍ണോത്തിയും ചേര്‍ന്ന് സൂര്യനെ കിണ്ടിയും വിളക്കും കാണിക്കുന്ന ചടങ്ങുണ്ട്. തുടര്‍ന്ന് കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്ന ചടങ്ങുമുണ്ട്. ഈ ദിവസം വീടുകളില്‍ തെരുവെക്കുക എന്ന ചടങ്ങും നടക്കുന്നു. പത്താമുദയത്തോട് അനുബന്ധിച്ച് പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകള്‍ക്ക് ഇക്കുറിയും ഭക്തജന തിരക്കുണ്ടായി. മഴയെ അവഗണിച്ചു കൊണ്ടാണ് ദൂരദേശങ്ങളില്‍ നിന്നു പോലും തീര്‍ത്ഥാടകരെത്തിയത്. ഉച്ചയ്ക്ക് വീടുകളില്‍ പപ്പടവും പായസവും കൂട്ടിയുള്ള സദ്യ ഉണ്ടാവും. പിതൃക്കളെ അനുസ്മരിച്ച ശേഷമായിരിക്കും സദ്യവിളമ്പുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
