

മൂന്നര ഏക്കര്‍ ഭൂമിയില്‍ 112 റമ്പൂട്ടന്‍ മരങ്ങളില്‍നിന്നായി ഇരുപതു ലക്ഷം രൂപ വരുമാനംനേടിയ ജോസ് ജേക്കബിനെ ഡോ. തോമസ് ഐസക്ക് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. വലിയ പ്രതികരണമാണ് അതിനുണ്ടായത്. ഇപ്പോഴിതാ ജോസ് ജേക്കബ് കേരളത്തിലേക്കു കൊണ്ടുവരുന്ന മറ്റൊരു ഫലവൃക്ഷത്തെക്കുറിച്ചു പറയുകയാണ്, ഡോ. ഐസക്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ജനകീയമായ, നമ്മുടെ ചക്കയുടേതിനു സമാനമായ പഴമാണ് ദുരിയാന്‍.
ഡോ.തോമസ് ഐസക്കിന്റെ കുറിപ്പ്:
ചീഞ്ഞ മണവും അസാദ്ധ്യ രുചിയുമുള്ള ഒരു ചക്കപ്പഴമാണ് ദുരിയാന്‍. ഒത്തിരി ചുളകള്‍ ഉണ്ടാവില്ല. കുറച്ചു വലിയ ചുളകള്‍ മാത്രം. നൂറു കണക്കിന് വകഭേദങ്ങളുണ്ട്. പക്ഷെ, എല്ലാറ്റിനും ഒരു പൊതുസ്വഭാവമുണ്ട്. ആദ്യം മണമടിക്കുമ്പോള്‍ മൂക്കുപൊത്തിപ്പോകും. കഴിച്ചു തുടങ്ങിയാലോ അതിന് അടിമയാകും. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യക്കാരെല്ലാം ഇതിനെ പഴങ്ങളുടെ രാജാവ് എന്നാണ് വിളിക്കുക. അവരുടെ ഏറ്റവും പ്രിയപ്പെട്ടതും വിലയേറിയതുമായ പഴങ്ങളില്‍ ഒന്ന്.
ഒരിക്കല്‍ തായ്‌ലണ്ടില്‍ നിന്നും മടങ്ങുമ്പോള്‍ പ്ലാസ്റ്റിക്ക് പാക്കറ്റില്‍ രണ്ട് ദുരിയാന്‍ ചക്കയുമെടുത്തു വച്ചു. പക്ഷേ വിമാനം പൊങ്ങുന്നതിനു മുമ്പേ എയര്‍ ഹോസ്റ്റസ് മണം പിടിച്ചു. ആരാണ് ദുരിയാന്‍ കൊണ്ടുവന്നതെന്ന ചോദ്യവും പരിശോധനയുമായി. പുറത്ത് കളയുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. തായ്‌ലണ്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും വിമാനത്തില്‍ കയറ്റില്ല.
റമ്പൂട്ടാന്‍ കേരളത്തില്‍ പരന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ ദുരിയാനെ കണ്ടെത്താന്‍ പ്രയാസം. എന്നാല്‍ റമ്പൂട്ടാനെപ്പോലെ തന്നെ നമ്മുടെ നാടിന് ഇണങ്ങിയ മറ്റൊരു ഫലവൃക്ഷമാണ് ഡൂറിയാന്‍. ചക്ക പോലെ തന്നെ ഏത് കൊമ്പില്‍ നിന്നും തൂങ്ങാം. വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ പൂവിടും. തായ്‌ലണ്ടില്‍ നിന്നും കഴിച്ച ദുരിയാന്റെ രുചി മറന്നു കഴിഞ്ഞു. ഹോംഗ്രോണിന്റെ ജോസ് ജേക്കബ് തന്ന ദുരിയാന്‍ ക്രീം ഒന്നല്ല രണ്ട് കപ്പ് കഴിച്ചു.
ജോസ് ജേക്കബ് കേരളത്തിലെ ആദ്യത്തെ ദുരിയാന്‍ തോട്ടം വച്ചു പിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ 4 വര്‍ഷം പ്രായമായി. ദുരിയാന്‍ കൂടാതെ മാങ്കോസ്റ്റിന്‍, പുലാസാന്‍, അച്ചാചറു, ലോഗോംണ്‍, തുടങ്ങി വിവിധതരം പഴവര്‍ഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ഇത് ഫാം ടൂറിസത്തെ ലക്ഷ്യമാക്കി ചെയ്തിട്ടുള്ളതാണ്. പഴം ഫെസ്റ്റിവലുകള്‍, ഫാം തീം ഇവന്റുകള്‍ മുതലായവ സംഘടിപ്പിക്കാനാണു പരിപാടി.
നമ്മുടെ നാട്ടിലെ ഫലവൃക്ഷങ്ങളെ വിട്ടു മറ്റു രാജ്യങ്ങളിലെ വൃക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു ശരിയാണോയെന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതു നന്ന്. നമ്മുടെ നാട്ടിലെ പല വൃക്ഷങ്ങളും വിദേശിയാണ്. റബര്‍, തേയില, കാപ്പി, കശുമാവ്, പേരയ്ക്ക, കടച്ചക്ക, പിന്നെ വൃക്ഷമല്ലെങ്കിലും കപ്പയും മുളകുമെല്ലാം. പ്രധാനപ്പെട്ട കാര്യം കേരളവും ആദ്യം സൂചിപ്പിച്ച ഫലവൃക്ഷങ്ങള്‍ വളരുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും പൊതുവില്‍ ഒരേ കാര്‍ഷിക കാലാവസ്ഥാ മേഖലകളാണ്.
മേല്‍പ്പറഞ്ഞ പഴങ്ങള്‍ക്കെല്ലാം അന്തര്‍ദേശീയമായി വലിയ ഡിമാന്റാണ്. മെച്ചപ്പെട്ട വിലയും കിട്ടും. അനുയോജ്യമായ ഭൂപ്രദേശം ഇന്ത്യയില്‍ 5 ശതമാനത്തില്‍ താഴെയേ വരൂ. അതില്‍ ഏറിയപങ്കും കേരളത്തിലാണ്. നമ്മുടെ പുരയിടകൃഷിയിലെ ഇടവിളകള്‍ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ വലിയ തോതില്‍ തൊഴില്‍ വേണ്ടാത്ത ചെറിയ ഫലവൃക്ഷങ്ങളായിരിക്കും അനുയോജ്യം. തോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് ഒരു ഭാഗം ഭൂമി നല്ല വരുമാനം ഉറപ്പുനല്‍കുന്ന ഫലവൃക്ഷങ്ങള്‍ നല്‍കുന്നതിനുള്ള അനുവാദം വേണമെന്ന കാര്യം ചര്‍ച്ചയിലാണ്. ആദിവാസികളുടെ ഭൂമി ഉറപ്പുനല്‍കിക്കൊണ്ടേ ഇത്തരമൊരു നടപടിയിലേയ്ക്കു പോകാനാകൂവെന്നതാണു പ്രശ്‌നം.
ഉയര്‍ന്നവില കിട്ടുന്ന പുതിയ വിളകളിലേയ്ക്കുള്ള വൈവിധ്യവല്‍ക്കരണം കേരളത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഫലമരവൃക്ഷങ്ങളായിരിക്കും അഭികാമ്യം. വിയറ്റ്‌നാം, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം വൈവിധ്യവല്‍ക്കരണത്തിന്റെ വിജയഗാഥകളാണ്. പഴങ്ങളുടെ അന്തര്‍ദേശീയ മാര്‍ക്കറ്റ് ഇന്ന് 24000 കോടി രൂപയുടേതാണ്.
കേരള സര്‍ക്കാരാണെങ്കില്‍ വര്‍ഷംതോറും ഒരുകോടി ഫലവൃക്ഷങ്ങള്‍ നടുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പിലായി തുടങ്ങുന്നതേയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ നല്ല വരുമാനം ഉറപ്പുവരുത്തുന്ന പുതിയയിനം ഫലവൃക്ഷങ്ങളെക്കുറിച്ച് നമ്മള്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാമീസ് പ്ലാവുകള്‍ ഇന്ന് കേരളത്തില്‍ പരുന്നുതുടങ്ങിയിട്ടുണ്ട്. ഇവ ഇടതൂര്‍ന്ന് തോട്ടങ്ങളായി കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ഇവയുടെ കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ അഗ്രിഗേറ്റ് ചെയ്യുന്നതിനും വില്‍പ്പന്ന നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കണം.
തൊടുപുഴയിലെ ഷാജി കൊച്ചുകുടിയില്‍, കാഞ്ഞിരപ്പള്ളിയിലെ ജോസ് ജേക്കബ്ബ് തുടങ്ങി ഫലവൃക്ഷകൃഷി ഫലപ്രദമാണെന്നു തെളിയിച്ച കൃഷിക്കാരുടെ അനുഭവങ്ങള്‍ ഇതുവരെ നയരൂപീകരണകര്‍ത്താക്കള്‍ ചിട്ടയായി പഠിച്ചിട്ടില്ല. ഇവരില്‍ ഹോം ഗ്രോണ്‍ ബയോടെകിന്റെ ജോസ് ജേക്കബ്ബ് കൃഷിക്കാരെ മാത്രമല്ല, ഫലവൃക്ഷങ്ങളുടെ ഏറ്റവും വലിയ നഴ്‌സറിയുടെ സംരംഭകന്‍ കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates