

കൊച്ചി: പിഎം കിസാൻ പദ്ധതിപ്രകാരം അനർഹമായി പണം കൈപ്പറ്റിയവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടപ്പോൾ കേരളത്തിൽ നിന്നുള്ളവർ 15,163 പേർ. ആദായ നികുതി അടയ്ക്കുന്ന ഇവർ പണം തിരികെ അടയ്ക്കേണ്ടി വരും.
ഇത്രയും പേരിൽ നിന്ന് പണം തിരിച്ചടപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു കാണിച്ച് കൃഷി ഡയറക്ടർ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഈ പണം തിരിച്ചടയ്ക്കുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും കൃഷി വകുപ്പ് തുറന്നിട്ടുണ്ട്.
പണം തിരിച്ചടയ്ക്കാനുള്ളവർ ഏറ്റവും കൂടുതലുള്ളത് തൃശൂർ ജില്ലയിലാണ്. 2384 പേരാണ് തൃശൂരിലുള്ളത്. എറണാകുളത്ത് 2079 പേരുണ്ട്. ആലപ്പുഴ 1530 പേരും പാലക്കാട് 1435 പേരും കോട്ടയത്ത് 1250 പേരുമാണുള്ളത്. തിരുവനന്തപുരം 856, കൊല്ലം 899, പത്തനംതിട്ട 574, ഇടുക്കി 636, മലപ്പുറം 624, കോഴിക്കോട് 788, കണ്ണൂർ 825, വയനാട് 642, കാസർക്കോട് 614 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
രണ്ട് ഹെക്ടർ വരെ കൃഷി ഭൂമിയുള്ള ഇടത്തരം, ചെറുകിട കൃഷിക്കാർക്ക് മൂന്ന് ഗഡുക്കളായി മാസം 6000 രൂപ നൽകുന്നതാണ് പിഎം കിസാൻ പദ്ധതി. 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ 2018 ഡിസംബർ മാസത്തെ മുൻകാല പ്രാബല്യത്തോടെയാണ് ഗുണഭോക്താക്കൾക്ക് ആദ്യ വിഹിതം കൈമാറിയത്. കേരളത്തിൽ മാത്രം 36.7 ലക്ഷം അപേക്ഷകരാണുള്ളത്.
ആദായ നികുതി നൽകുന്നവർ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ അർഹരല്ല എന്ന് വ്യക്തമാക്കി പദ്ധതിയുടെ മാർഗ നിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതു പാലിക്കാതെ ആനുകൂല്യം പറ്റിയവരാണ് ഇപ്പോൾ പുറത്ത് പോകേണ്ടി വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates