

കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വിഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി അറസ്റ്റിലായതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ ഒപ്പം നടന്നവര്‍. തൃക്കാക്കര ഭാരതമാത കോളജിലെ രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ഥി തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി എസ് ശ്രീഹരിയാണ് പിടിയിലായത്. ഒപ്പം നടന്ന് സൗഹൃദം മുതലാക്കി തങ്ങളെ ശ്രീഹരി ചതിക്കുഴിയില്‍ വീഴ്ത്തിയതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹപാഠികള്‍ക്ക് അമ്പരപ്പ് വിട്ടുമാറുന്നില്ല.
സഹപാഠികള്‍ ആവശ്യപ്പെടുമ്പോള്‍ മികച്ച ഫോട്ടോകളും വിഡിയോകളും ശ്രീഹരി എടുത്തു കൊടുക്കാറുണ്ട്. കോളജില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ശ്രീഹരിയായിരുന്നു ഫോട്ടോഗ്രാഫര്‍. അത്തരത്തില്‍ സഹപാഠികള്‍ക്ക് ഒപ്പം നടന്ന ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച പൊലീസും ഒരു നിമിഷം ഞെട്ടിപ്പോയി. കൂടെ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കാന്‍ എങ്ങനെ മനസു വന്നുവെന്ന ചോദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥരും ചോദിക്കുന്നത്. ആശങ്കയുള്ള ചില പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. കോളജിന് പുറത്തുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും ശ്രീഹരി മോര്‍ഫ് ചെയ്ത കൂട്ടത്തിലുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ചതാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.
മോര്‍ഫിങ്ങിലൂടെ അശ്ലീലരൂപത്തിലേക്ക് മാറ്റിയ ചിത്രങ്ങള്‍ സ്വകാര്യ സൈറ്റുകള്‍ വഴി വില്‍പ്പന നടത്തിയതായും സംശയിക്കുന്നു. ശ്രീഹരിക്ക് പുറമേ കോളജിനകത്തും പുറത്തുമുള്ള ഏതാനും വിദ്യാര്‍ഥികളും ഇതിന് കൂട്ടുനിന്നിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാനും അവ വില്‍പ്പന നടത്താനും വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ സംശയം. ചില ചിത്രങ്ങള്‍ ശ്രീഹരി നേരിട്ട് മോര്‍ഫ് ചെയ്യാതെ മറ്റു ചിലര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. അവര്‍ അത് മോര്‍ഫ് ചെയ്ത് തിരികെ അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശ്രീഹരിയുടെ ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ശ്രീഹരിയുടെ കഴിഞ്ഞ ഡിസംബര്‍ മുതലുള്ള ബാങ്ക് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലരുടെ ഫോണുകളും പൊലീസ് പരിശോധിച്ചു. ടെലഗ്രാം ചാറ്റ് വഴിയാണ് കൂടുതല്‍ ഫോട്ടോകളും കൈമാറിയത്. ഇതിനായി പ്രത്യേക സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates