

തൃശൂര്‍: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആശ്ചര്യമുണ്ടാക്കുന്നതും അവിശ്വസനീയമാണെന്നും തൃശൂര്‍ അതിരൂപത ജാഗ്രത സമിതി. കമ്മീഷന്‍ റിപ്പോട്ടില്‍ 17 വകുപ്പുകള്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കി എന്നും 220 ശുപാര്‍ശകളില്‍ നടപടി പൂര്‍ത്തിയാക്കി എന്നും വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് അവിശ്വസനീയമാണെന്നും അതിരൂപതാ ജാഗ്രത സമിതി കുറ്റപ്പെടുത്തി.
2023 മെയ് 17ന് സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനോ, റിപ്പോര്‍ട്ട് സംബന്ധിച്ച് സഭാ മേലധ്യക്ഷന്‍ മാരുമായും സമുദായ നേതാക്കന്‍മാരുമായും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മന്ത്രിസഭാ പരിഗണനയിലുള്ള വിഷയമാണെന്നിരിക്കെ റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കാനാവില്ല എന്നുമായിരുന്നു മറുപടി.
ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും, ചര്‍ച്ചകള്‍ നടത്തി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സമുദായ സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങളോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ , തെരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ പൊടുന്നനെ 220 ശുപാര്‍ശകള്‍ നടപ്പിലാക്കി എന്ന് പറയുന്നത് വഞ്ചനാപരവും, സത്യസന്ധതയില്ലാത്തതുമായ നിലപാടുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം വേണമെന്നും, ഏതൊക്കെ ശുപാര്‍ശകളാണ് നടപ്പിലാക്കിയത് എന്നും ക്രൈസ്തവ സമുദായത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അതിരൂപത സമിതി ഓര്‍മ്മിപ്പിച്ചു.
ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹത്തിന്റെ അതിശക്തമായ പ്രതികരണം ഉണ്ടായെങ്കിലും, അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്ത സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടുകളുമായി മുന്നോട്ടു പോകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ അദ്ധ്യക്ഷവഹിച്ചു. പിആര്‍ഒ ഫാ. സിംസന്‍ ചിറമ്മല്‍ ,അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ , ഏകോപനമതി സെക്രട്ടറി ഷിന്റോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.ജോബി കാക്കശ്ശേരി, കാത്തലിക് ഫെഡറേഷന്‍ ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates