'അച്ചടക്ക നടപടി വന്നാല്‍ പലതും തുറന്നുപറയും; താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?'

എനിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് വരികയാണെങ്കില്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ എന്റെ കയ്യില്‍ ഉണ്ട്. സാമ്പത്തിക വിഷയം ഉള്‍പ്പടെ തുറന്നുപറയേണ്ടിവരും.
lali james
ലാലി ജെയിംസ് മാധ്യമങ്ങളെ കാണുന്നു
Updated on
2 min read

തൃശൂര്‍: പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കൗണ്‍സിലര്‍ ലാലി ജെയിംസ്. മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കും. നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചാല്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ലാലി പറഞ്ഞു.

' മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് വോട്ട് ചെയ്യും. ഇപ്പോഴും കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്നലെ തേറമ്പിലിനെ അറിയിച്ചിരുന്നു. അദ്ദേഹം മാറിനില്‍ക്കരുതെന്ന് അറിയിച്ചു. എന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അദ്ദേഹം മാത്രമാണ്.

lali james
നാലു പ്രാവശ്യം മത്സരിച്ചില്ലേ, ആര്‍ക്കാണ് പെട്ടി കൊടുത്തത് ?; ലാലി ജെയിംസിന്റെ ആരോപണങ്ങള്‍ തള്ളി ഡിസിസി പ്രസിഡന്റ്

പാര്‍ട്ടി നേതൃത്വത്തിനെതിരെ നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചിലര്‍ പറയുന്നത് കേട്ടു. എനിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് വരികയാണെങ്കില്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ എന്റെ കയ്യില്‍ ഉണ്ട്. സാമ്പത്തിക വിഷയം ഉള്‍പ്പടെ തുറന്നുപറയേണ്ടിവരും. പത്തുവര്‍ഷം ഇവിടെ പ്രതിപക്ഷ നേതാവായിരുന്ന ഒരു മഹാന്‍ ഉണ്ടല്ലോ? രാജന്‍ പല്ലന്റെ പല കാര്യങ്ങളും പറയേണ്ടിവരും. എനിക്കെതിരെ അച്ചടക്കനടപടിയെടുക്കുകയാണെങ്കില്‍ അതില്‍ പ്രധാന പങ്ക് രാജന്‍ പല്ലന്റെതായിരിക്കും. എല്ലാം സമയമാകുമ്പോള്‍ പുറത്തുപറയും. തൃശൂര്‍ മേയറെ തീരുമാനിക്കുന്നത് കെസി വേണുഗോപാലും ദീപാദാസ് മുന്‍ഷിയുമാണെങ്കില്‍ അത് താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?

lali james
'2011ല്‍ ഒല്ലൂരില്‍ സ്ഥാനാര്‍ഥിയാവേണ്ടതാണ്'; ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയുമെന്ന് നിജി ജസ്റ്റിന്‍

ഇന്നത്തെ മേയര്‍ സ്ഥാനാര്‍ഥിക്കുള്ള വോട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണ്. എന്റെ പാര്‍ട്ടി എനിക്ക് അഭിമാനമാണ്. നാലോ അഞ്ചോ നേതാക്കളല്ല പാര്‍ട്ടി. രാജന്‍ പല്ലന്‍ നിലകൊള്ളുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടത്തിനാണ്. കാര്യങ്ങള്‍ തുറന്നുപറയുന്നതുകൊണ്ടാണോ എനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറയുന്നത്. മടിയില്‍ കനമുള്ളവന്റെ കൂടെ ആളുകള്‍ കൂടുന്ന ചരിത്രമാണ് ഇവിടെ ഉണ്ടായതെന്ന് നഗരത്തിലെ മുഴുവന്‍ പേര്‍ക്കും അറിയാവുന്നതാണ്.

ജോസഫ് ടാജറ്റ് എന്നാണ് ഡിസിസി പ്രസിഡന്റ് ആയതെന്നും ലാലി ചോദിച്ചു. എനിക്ക് അദ്ദേഹമല്ലല്ലോ സീറ്റ് തന്നത്. എന്നെ സ്ഥാനാര്‍ഥിയായി മുന്നോട്ടുവച്ചത് തേറമ്പില്‍ രാമകൃഷ്ണാണ്. ആദ്യകാലത്ത് അദ്ദേഹത്തിനായി പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തകയായിരുന്നു. പിന്നീട് എന്നെ കണ്ടെത്തി സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെടുകയായിരുന്നു. നഗരത്തിലെ ഭരണമെന്നത് തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്. അത് കട്ട് ചെയ്ത് ഓരോരുത്തര്‍ക്കും നിലനില്‍പ്പിനും വായ അടയ്ക്കുന്നതിനുവേണ്ടി കൊടുക്കേണ്ടതല്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടി വീണുകിട്ടിയ അവസരമാണ്. ജനങ്ങളുടെ ആവശ്യവും വികസനവും ക്ഷേമവും നടത്താനാണ്. നിജി ജസ്റ്റിനെ മുന്നോട്ടുകൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അവര്‍ നയിക്കട്ടെ അഞ്ചുവര്‍ഷവും. വ്യക്തിപരമായി അവര്‍ക്ക് എന്റെ പിന്തുണയില്ല' -ലാലി പറഞ്ഞു.

ഭരണത്തില്‍ മുന്‍പരിചയം ഇല്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതാണ് ലാലി ജെയിംസിനെ ചൊടിപ്പിച്ചത്. പണം വാങ്ങി മേയര്‍ പദവി വിറ്റുവെന്നാണ് ലാലി ആരോപിക്കുന്നത്. നിജിയും ഭര്‍ത്താവും എഐസിസി നേതാക്കളെ കണ്ടു. തന്നെ തഴഞ്ഞത് പണം ഇല്ലാത്തതിനാലാണെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു. തന്റെ കയ്യില്‍ പണമില്ലെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു. ചില്ലിക്കാശു പോലും ഇല്ലാത്തയാളാണ് താന്‍. അത് ജനങ്ങള്‍ക്കറിയാമെന്ന് ലാലി ജെയിംസ് പറഞ്ഞു. പ്രവര്‍ത്തനം മാത്രമാണ് എന്റെ മുഖമുദ്ര. പൊതുപ്രവര്‍ത്തന രംഗത്ത് ഇത്രനാളും പ്രവര്‍ത്തിച്ചത് പണം ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

Summary

Thrissur corporation Councillor Lali James lashes out at Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com