

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ 10 പേരിൽ നാല് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്. സ്ഫോടനത്തിൽ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് ആരംഭിക്കും.
അപകടം നടന്ന വെടിക്കെട്ടുപുരയിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന പരിശോധനയിലാണ് ഫോറൻസിക് സംഘം. പരമാവധി സാമ്പിളുകൾ ശേഖരിച്ചു വരികയാണെന്നും സംഘം അറിയിച്ചു. വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ശേഷം വെടിക്കെട്ടുപുര ഉണ്ടായിരുന്ന സ്ഥലത്ത് കെഡാവർ നായകളെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കും.
അതേസമയം, വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം ആചാരപരമായ ചടങ്ങുകളായി നടത്താൻ ധാരണയായി. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാല്‍ പൂര്‍ത്തീകരിക്കാതെ പോകുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ പുറത്താണ് തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
വെള്ളിയാഴ്ച വരെ ദുഃഖാചരണവും അതിനുശേഷം പൂരം നടത്തണമെന്നുമാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയില്‍ ചൊവ്വാഴ്ചയാണ് സ്ഫോടനം ഉണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടര്‍ന്നു. 14 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates