

തൃശൂര്‍: പാവറട്ടി പള്ളി തിരുനാളിന് വെടിക്കെട്ട് വേണ്ടെന്നു വെച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ പെരുന്നാള്‍ നടത്താനാണ് തീരുമാനം.
വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് വെടിക്കെട്ട് ഒഴിവാക്കിയത് എന്ന് പള്ളി വികാരി അറിയിച്ചു. എന്നാല്‍ തിരുനാള്‍ ആഘോഷങ്ങള്‍ ആചാരപരമായി നടക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പെരുന്നാള്‍ നടക്കുക. ശനിയാഴ്ച രാവിലെ തുടങ്ങിയ കുര്‍ബാനയ്ക്ക് ശേഷം നേര്‍ച്ചയൂട്ട് നടത്തും.
വൈകിട്ട് 5.30ന് നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ്, സമൂഹബലി, കൂട് തുറക്കല്‍ എന്നിവ നടക്കും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. രാത്രി എട്ടിന് തിരുനാള്‍ സൗഹൃദ വേദിയുടെ തിരുനടക്കല്‍ മേളം അരങ്ങേറും. തുടര്‍ന്ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ സമാപിക്കും. ഞായര്‍ പുലര്‍ച്ചെ 4.30 മുതല്‍ രാത്രി ഏഴുവരെ തുടര്‍ച്ചയായ പാട്ടുകുര്‍ബാനകള്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates