

നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ മുഖമായിരുന്നു അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടിജെ എസ് ജോര്‍ജ്. പഴയകാലത്തെ ജേണലിസമല്ല ഇപ്പഴത്തെ ജേണലിസമെന്ന് പറയുമ്പോഴും തന്റെ മതം ജേണലിസമാണെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസി'ല്‍ എഴുതിയിരുന്ന 'പോയന്റ് ഓഫ് വ്യൂ' എന്ന വാരാന്തകോളത്തിന് പൂര്‍ണ വിരാമമിട്ട് 'നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ' എന്ന തലക്കെട്ടില്‍ കോളം അവസാനിപ്പിച്ചപ്പോള്‍ അതില്‍ പുതുതലമുറ പോലും ഖേദം പ്രകടിപ്പിച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം വിടവാങ്ങിയത്.
മാധ്യമപ്രവര്‍ത്തനത്തിലെ സ്വതന്ത്ര ശബ്ദമായിരുന്നു ടിജെഎസ്. അതുകൊണ്ടാണ് രാജ്യം ആദ്യമായി ഒരു പത്രപ്രവര്‍ത്തകനെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്. 'ദ് സേര്‍ച്ച് ലൈറ്റ്' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരിക്കെയാണ് ടിജെഎസിനെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചത്. 1965ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെബി സഹായിയെ ധിക്കരിച്ച് പട്‌ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിനായിരുന്നു സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചത്. 37-ാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട ടിജെഎസ് സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരായി. പ്രതിരോധമന്ത്രിയായിരുന്ന വികെ കൃഷ്ണമേനോനാണ് അന്ന് അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്.
സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന റാംമനോഹര്‍ ലോഹ്യയുമുണ്ടായിരുന്നു അന്ന് ആ ജയിലില്‍. മൂന്നാഴ്ചത്തെ ജയില്‍വാസം വലിയ അനുഭവമായിരുന്നെന്ന് പറഞ്ഞ ടിജെഎസ് തനിക്ക് പ്രായപൂര്‍ത്തിയായത് ആ ജയില്‍ ജീവിതത്തോടെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജയിലിലടച്ചാല്‍ ടിജെഎസ് ജോര്‍ജിന്റെ ലക്ഷ്യബോധം നശിപ്പിക്കാമെന്നു കരുതിയ മുഖ്യമന്ത്രി കെബി സഹായിക്കാണ് അന്ന് തെറ്റിയത്. ജയില്‍വാസം ഒരു മാറ്റവും അദ്ദേഹത്തിലുണ്ടാക്കിയില്ലെന്ന് മാത്രമല്ല, അതിനെക്കുറിച്ച് പിന്നീട് ബിഹാര്‍ കലാപം 1956ലെ മുന്നേറ്റത്തിന്റെ പഠനം എന്നൊരൂ ലേഖനവും എഴുതി. 'സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരില്‍നിന്നു ജനാധിപത്യത്തെക്കുറിച്ചോ രാജ്യത്തിന്റെ നാളെയെക്കുറിച്ചോ കാര്യമായ താല്‍പര്യം പ്രതീക്ഷിച്ചിട്ടു കാര്യമില്ല: നദിയിലെ ജലത്തിന് അതിന്റെ ഉറവയ്ക്കും മുകളിലേക്കു വളരാനാവില്ലല്ലോ?' എന്ന പ്രയോഗത്തോടെയായിരുന്നു ആ ലേഖനം അവസാനിപ്പിച്ചത്.
ജയില്‍വാസം അദ്ദേഹത്തെ ഏറെ പ്രശസ്താനാക്കി. എന്നാല്‍ അധികകാലം അദ്ദേഹത്തിന് ബിഹാറില്‍ തുടരാനായില്ല. തുടര്‍ന്ന് ഹോങ്കോങ്ങിലേക്ക് ചുവടുമാറ്റി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ റീജനല്‍ എഡിറ്ററായി ജോലി. കാലഹരണപ്പെട്ട ഏഷ്യ മാഗസിനു കൂടുതല്‍ പുതുമയും തെളിമയും നല്‍കി അദ്ദേഹം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയ അദ്ദേഹം ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയിലും മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു.
പത്രപ്രവര്‍ത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. താനാണ് എല്ലാം ചെയ്തത്, താനേ ചെയ്തുള്ളൂ എന്ന ഭാവം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്. വികെ കൃഷ്ണമേനോന്‍, നര്‍ഗീസ്, എംഎസ് സുബലക്ഷ്മി, സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് ലീക്വാന്‍യൂ തുടങ്ങിയവരെക്കുറിച്ചുളള ജീവചരിത്രക്കുറിപ്പുകളും ഏറെ ശ്രദ്ധേയമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
