'സച്ചിദാനന്ദന്‍ ഇത്ര ശുദ്ധാത്മാവാണോ?; രണ്ടുമുന്നണികളും മാറി ഭരിച്ചാല്‍ പോരേ, പിന്നെ തെരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ?'

പല കാരണങ്ങള്‍ കൊണ്ടും ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ട്ടപ്പെട്ടു. സച്ചിദാനന്ദന്റെയും എന്റെയും എല്ലാം ജീവിതകാലത്തുതന്നെ അവിടെ തിരിച്ചുവരവും ഉണ്ടാവും
Satchidanandan
സച്ചിദാനന്ദൻ ഫയല്‍ ചിത്രം
Updated on
3 min read

കൊച്ചി: കേരളത്തിന് നല്ലത് മുന്നണികള്‍ മാറി മാറി ഭരിക്കന്നതാണെന്ന് സച്ചിദാന്ദന്റെ പ്രതികരണത്തിനെതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ടിഎം തോമസ് ഐസക്ക്. സച്ചിദാനന്ദന്റെ ഈ വാദം അംഗീകരിച്ചാല്‍ പിന്നെ തെഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോയെന്നും രണ്ടുമുന്നണികളും മാറി മാറി ഭരിച്ചാല്‍ പേരെയെന്നും തോമസ് ഐസക് ചോദിച്ചു. 'സച്ചിദാനന്ദന്റെ തുടര്‍ഭരണ തിസീസ് ഞങ്ങള്‍ തള്ളിക്കളയുമ്പോഴും, തുടര്‍ഭരണം സൃഷ്ട്ടിക്കാന്‍ സാധ്യതയുള്ള അപചയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജാഗ്രതപ്പെടുത്തല്‍ ഞങ്ങള്‍ക്ക് സ്വീകാര്യമാണ്. ആ നിലയില്‍ ഇടതുപക്ഷ സുഹൃത്തുക്കളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ കാണാനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും ഇടതുപക്ഷം എന്നും തയ്യാറായിരിക്കും'- തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭരണം മാറിമാറി വരുന്നതാണ് കേരളത്തിന് നല്ലതെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. ഇല്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. തിരുത്താന്‍ അവസരം കിട്ടണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണം. പത്തുവര്‍ഷം ഭരിച്ചത് കോണ്‍ഗ്രസാണെങ്കിലും ഇതുതന്നെ പറയും, എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

Satchidanandan
ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി; ചിത്രങ്ങള്‍ പുറത്ത്

തോമസ് ഐസക്കിന്റെ കുറിപ്പ്

കോളജ് വിദ്യാഭ്യാസകാലം മുതല്‍ ആരാധനയോടെ മാത്രം കണ്ടിട്ടുള്ള പ്രിയപ്പെട്ട കവിയാണ് സച്ചിദാന്ദന്‍. 1970-കളുടെ ആദ്യം കെജിഎസിന്റെയും സച്ചിദാന്ദന്റെയും മറ്റും വീടുകളില്‍ പലവട്ടം പോയിട്ടുണ്ട്. കേവലം കവികള്‍ മാത്രമല്ല, ശ്രദ്ധേയരായ സാമൂഹിക നിരീക്ഷകര്‍ കൂടിയാണ് ഇവരെപ്പോലുള്ളവര്‍. ഒരു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ സച്ചിദാന്ദന്റെ പ്രസ്താവന വായിച്ചപ്പോള്‍ അദ്ദേഹം ഇത്ര ശുദ്ധാത്മാവാണോയെന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചാല്‍ പിന്നെ തെരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ. രണ്ടു മുന്നണികളും മാറി മാറി ഭരിച്ചുകൊണ്ടിരുന്നാല്‍ പോരേ? പക്ഷേ, അതാണോ ജനാധിപത്യം?

Satchidanandan
മലമ്പുഴയില്‍ എ സുരേഷ് യുഡിഎഫ് സ്ഥാനാര്‍ഥി?; സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്

ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നില്‍ ഉയരുന്ന കാതലായ മൂന്ന് ചോദ്യങ്ങളുണ്ട്. അതാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങള്‍.

1. കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ ജനങ്ങളുടെ ക്ഷേമത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ധനവുണ്ടായി. സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ ഓരോ മേഖലയിലും ഇത് പ്രകടമാണ്. തര്‍ക്കമുണ്ടെങ്കില്‍ കണക്കുകള്‍ വച്ച് തര്‍ക്കിക്കണം.

അതേസമയം, ഏതാണ്ട് 2 ലക്ഷം കോടി രൂപയുടെ പശ്ചാത്തല സൗകര്യ നിര്‍മ്മാണമാണ് കിഫ്ബി നേരിട്ടോ, അല്ലെങ്കില്‍ ലീവറേജ് ചെയ്‌തോ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങളുടെയും അടിസ്ഥാനത്തില്‍ വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിലാണ് കേരളം.

നമ്മുടെ സംസ്ഥാന ചരിത്രത്തിലും ഇത്തരമൊരു വികസന തന്ത്രം ആദ്യമായിട്ടാണ്. അതിലേറെ വിസ്മയകരമായ കാര്യം ഇത്രയേറെ ഭീമമായ പണം ചെലവഴിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല. ഇത്തരമൊരു വികസനം തുടരണമോ? വെറും വിജ്ഞാന സമ്പദ്ഘടന അല്ല വിജ്ഞാന സമൂഹമാണ് നമ്മുടെ ലക്ഷ്യം. ഞങ്ങള്‍ അനുവര്‍ത്തിക്കുന്ന വികസനതന്ത്രം തള്ളിപ്പറയുന്ന യുഡിഎഫിന് ഇതുവരെ ബദലായി ഒന്നും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇതല്ലേ ചര്‍ച്ച ചെയ്യേണ്ടത്?

രണ്ടുമാസം മുന്‍പ് Monthly Review Press കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിനെക്കുറിച്ച് എന്റെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് ഭരണത്തുടര്‍ച്ചയില്ലാതെ പോയതിന്റെ ഭാഗമായി ഭാവി കേരളത്തിന് എന്തെല്ലാം നഷ്ട്ടങ്ങള്‍ സഹിക്കേണ്ടിവന്നു എന്നതിനെ സംബന്ധിച്ചാണ് അവസാന രണ്ട് അധ്യായങ്ങള്‍. സാക്ഷരതയ്ക്ക് തുടര്‍ച്ചയില്ലാതെ പോയത്.. ജില്ലാപഞ്ചായത്തുകള്‍ അട്ടിമറിക്കപ്പെട്ടത്.. അങ്ങിനെ എന്തെല്ലാം അനുഭവങ്ങള്‍? ഇത്തരം ഒരു ചരിത്രം ആവര്‍ത്തിക്കണമോ എന്നതാണ് മലയാളിയുടെ മുന്നിലുള്ള ചോദ്യം.

2. ഇന്ത്യ മുന്നണി മാത്രം പോരാ, ഇടതുപക്ഷവും ശക്തമായി ഇവിടെ ഉണ്ടാവണം. കാരണം കോണ്‍ഗ്രസിന്റെ അടക്കം നിയോലിബറല്‍ അജണ്ടയ്ക്ക് ബദല്‍ ഉയര്‍ത്തുന്ന ഏക രാഷ്ട്രീയ ശക്തി ഇടതുപക്ഷമാണ്. പല കാരണങ്ങള്‍ കൊണ്ടും ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ട്ടപ്പെട്ടു. സച്ചിദാനന്ദന്റെയും എന്റെയും എല്ലാം ജീവിതകാലത്തുതന്നെ അവിടെ തിരിച്ചുവരവും ഉണ്ടാവും. അതിനു മര്‍മ്മ പ്രധാനമാണ് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ തുടര്‍ച്ച. ഇതാണ് പുരോഗമന ശക്തികളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വരാന്‍ പോവുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി നിര്‍ദ്ദേശം വെച്ചപ്പോഴും അതിന്റെ മൂര്‍ത്തമായ രൂപം സംസ്ഥാന അടിസ്ഥാനത്തില്‍ വ്യത്യസ്തമായിരിക്കുമെന്ന് സഖാവ് സീതാറാം യെച്ചൂരി തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബിജെപിയെ അധികാര ഭ്രഷ്ടമാക്കുവാനുള്ള എല്ലാവിധ യോജിച്ച പ്രക്ഷോഭങ്ങളിലും പങ്കാളികളാവുമ്പോഴും ഇന്ന് ഒരു ഇടതുപക്ഷ ബദല്‍ കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കേണ്ടത് അഖിലേന്ത്യ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്തേ ഇത് സച്ചിദാനന്ദനെ പോലുള്ളവര്‍ തിരിച്ചറിയാതെ പോവുന്നത്?

3. സിപിഎംന്റെ ഇന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും അടവുകളുടെയും ഒരു കേന്ദ്രബിന്ദു ന്യൂനപക്ഷ അവകാശ സംരക്ഷണം തന്നെയാണ്. ഇതിനെക്കുറിച്ച് സംശയം ഉണ്ടെങ്കില്‍ ആര്‍എസ്എസ് കൊലചെയ്ത ഞങ്ങളുടെ സഖാക്കളേ മാത്രം ഒന്ന് ഓര്‍ത്താല്‍ മതി. 2004-ല്‍ കേരളത്തിലെ 20-ല്‍ 18 ലോകസഭാ സീറ്റുകളിലും യുഡിഎഫിനെ തോല്‍പ്പിച്ചു ഡല്‍ഹിയില്‍ പോയ ഞങ്ങള്‍ ബിജെപിയെ ഒഴിവാക്കാന്‍ നിരുപാധികമായി കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്താങ്ങിയ ചരിത്രമാണ് ഉള്ളത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന കാര്യത്തിന് ഇതിലേറെ തെളിവ് വേണോ?

അന്നത്തെ കാലത്തെ അപേക്ഷിച്ച് ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ വളര്‍ന്നിരിക്കുന്നു. ഇസ്ലാം മതരാഷ്ട്രവാദക്കാരായ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യം ആശയ പ്രചാരണത്തിന് ഹിന്ദു മതരാഷ്ട്രവാദികള്‍ക്ക് ഒരു പ്രധാന ആയുധമാണ്. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ഏതെങ്കിലും കാലത്ത് അവരുടെ മതരാഷ്ട്രം സ്ഥാപിക്കാന്‍ എന്തെങ്കിലും സാധ്യത ഉള്ളതായി കരുതുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പ്രവര്‍ത്തനം ഹിന്ദുത്വ ശക്തികള്‍ക്ക് ശക്തിപകരുന്നു എന്നുള്ളതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്നത്.

കോണ്‍ഗ്രസ് ആവട്ടെ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലാണ്. അതോടൊപ്പം ആവശ്യാനുസരണം കോ-ലീ-ബി സഖ്യമുണ്ടാക്കാന്‍ അവര്‍ക്കൊരു മടിയും ഇല്ല. മറ്റത്തൂര്‍ അടക്കം എത്രയോ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇത്തവണയും നമ്മുക്ക് ഇതേ അനുഭവമുണ്ട്.

കേരളത്തിലെ ബിജെപിയെ മൂലയ്ക്കിരുത്തുവാന്‍ കോ-ലീ-ബിക്കാര്‍ക്ക് കഴിയില്ല. ഇടതുപക്ഷത്തിനു മാത്രമേ കഴിയു. കഴിഞ്ഞ 10 വര്‍ഷ കാലത്തിനിടയില്‍ ഒരൊറ്റ വര്‍ഗ്ഗീയലഹള പോലും ഇല്ലാത്ത റെക്കോര്‍ഡ് കേരളം ഇനിയും നിലനിര്‍ത്തും.

ദീര്‍ഘിപ്പിക്കുന്നില്ല, നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ഇവയൊക്കെയാണ്. അല്ലാതെ മാറിമാറി ഭരിക്കുന്നതിനെക്കുറിച്ചല്ല. പാര്‍ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ് അഭിപ്രായപ്പെട്ടതുപോലെ, സച്ചിദാനന്ദന്റെ തുടര്‍ഭരണ തിസീസ് ഞങ്ങള്‍ തള്ളിക്കളയുമ്പോഴും, തുടര്‍ഭരണം സൃഷ്ട്ടിക്കാന്‍ സാധ്യതയുള്ള അപചയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജാഗ്രതപ്പെടുത്തല്‍ ഞങ്ങള്‍ക്ക് സ്വീകാര്യമാണ്. ആ നിലയില്‍ ഇടതുപക്ഷ സുഹൃത്തുക്കളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ കാണാനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും ഇടതുപക്ഷം എന്നും തയ്യാറായിരിക്കും.

Summary

TM Thomas Isaac reacts to Satchidanandan's statement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com