

കോട്ടയം: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ മുൻ പോലീസ് ഉപമേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലൻസ് കോടതി ജയിൽ ശിക്ഷ വിധിച്ചതോടെ, വീണ്ടും ചർച്ചയാകുന്നത് കേരള പോലീസിന്റെ ചരിത്രത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും നേരിടേണ്ടി വന്നിട്ടില്ലാത്ത അത്രയും സംഭവബഹുലമായ വിവാദങ്ങളുടെ പരമ്പരയാണ്. 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതം ഒരേസമയം അന്വേഷണ മികവിനാലും മറുവശത്ത് തീരാവിവാദങ്ങളാലും അടയാളപ്പെടുത്തപ്പെട്ടതാണ്. നൈജീരിയൻ ഇ-മെയിൽ തട്ടിപ്പ്, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് റാക്കറ്റുകൾ എന്നിവയുടെ വേരറുത്ത മികച്ച കുറ്റാന്വേഷകൻ എന്ന നേട്ടം അദ്ദേഹത്തിന്റെ സർവീസ് പുസ്തകത്തിലുണ്ടെങ്കിലും, കരിയറിന്റെ ഓരോ ഘട്ടത്തിലും ഉയർന്ന ആരോപണങ്ങൾ ആ നേട്ടങ്ങളുടെ ശോഭ കെടുത്തി.
2002-ലാണ് തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കിയ ആദ്യ വലിയ വഴിത്തിരിവുണ്ടാകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തച്ചങ്കരിയുടെ ഗൺമാൻ വിലകൂടിയ അത്യാധുനിക വിദേശ ഇലക്ട്രോണിക് ഉപകരണങ്ങളുമായി കസ്റ്റംസിന്റെയും പോലീസിന്റെയും പിടിയിലായി. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന തച്ചങ്കരി, പാർട്ടി നിയന്ത്രണത്തിലുള്ള കൈരളി ടിവി'ആരംഭിക്കുന്ന വേളയിൽ അതിന്റെ സാങ്കേതിക ഉപദേശകനായി പ്രവർത്തിച്ചിരുന്നു.
വിമാനത്താവളത്തിൽ ഗൺമാൻ കൊണ്ടുവന്ന വിലപിടിപ്പുള്ള സാങ്കേതിക ഉപകരണങ്ങൾ കൈരളി ടിവിയുടെ ആവശ്യങ്ങൾക്കായി അനധികൃതമായി എത്തിച്ചതാണെന്ന ഗുരുതരമായ ആരോപണമാണ് അന്ന് ഉയർന്നത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തച്ചങ്കരി നിരന്തരം വിദേശയാത്രകൾ നടത്തിയതും, അത്തരം യാത്രകൾക്ക് ശേഷം ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ എത്തിച്ചതും വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. ഈ സംഭവവികാസങ്ങളാണ് അദ്ദേഹത്തിനെതിരെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് വിജിലൻസ് അന്വേഷണത്തിലേക്ക് വഴിതുറന്നതും ഇപ്പോൾ കോടതി ശിക്ഷയിലേക്ക് എത്തിച്ചതും.
സ്വന്തമായി ഭക്തിഗാനങ്ങളും ഏതാനും സിനിമാഗാനങ്ങളും കമ്പോസ് ചെയ്തിട്ടുള്ള തച്ചങ്കരിക്ക് കൊച്ചിയിൽ സ്വന്തമായി റിയാൻ (Riyan) എന്ന പേരിൽ അത്യാധുനിക റെക്കോർഡിംഗ് സ്റ്റുഡിയോയും ഓഡിയോ കാസറ്റ് വിപണന കമ്പനിയും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആന്റി പൈറസി സെല്ലിന്റെ നോഡൽ ഓഫീസറായിരുന്ന സമയത്ത് വിപണിയിലെ വ്യാജ സിഡികൾക്കെതിരെ നടത്തിയ റെയ്ഡുകൾ വലിയ മാധ്യമവിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വിപണിയിലെ വ്യാജന്മാരെ പിടികൂടുക എന്നതിലുപരി, സ്വന്തം കാസറ്റ് കമ്പനിയുടെയും സ്റ്റുഡിയോയുടെയും ബിസിനസ്സ് താല്പര്യങ്ങൾ സംരക്ഷിക്കാനും എതിരാളികളെ ഒതുക്കാനുമാണ് അദ്ദേഹം പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്നത് എന്ന തരത്തിൽ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നു.
ഈ വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിലാണ് 2006 ഡിസംബറിൽ ആന്റി പൈറസി സെൽ മേധാവിയായിരുന്ന ഐജി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള 'റിയാൻ ഡിജിറ്റൽ സ്റ്റുഡിയോ'യിൽ നേരിട്ട് മിന്നൽ റെയ്ഡ് നടത്തിയത്. സ്റ്റുഡിയോയിൽ നിന്ന് വൻതോതിൽ വ്യാജ സിഡികൾ തന്നെ പിടിച്ചെടുത്തതോടെ പൊലീസ് സേന കടുത്ത നാണക്കേടിലായി. റെയ്ഡ് നടന്ന് മണിക്കൂറുകൾക്കകം ആന്റി പൈറസി സെല്ലിന്റെ ചുമതലയിൽ നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയെങ്കിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇടപെട്ട് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരികയായിരുന്നു.
2007 ജൂലൈയിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് തച്ചങ്കരിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സർവീസിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് പ്രധാന പദവികൾ നൽകാതിരിക്കാൻ അന്നത്തെ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ 2010-ൽ വീണ്ടും അദ്ദേഹം വിവാദത്തിലകപ്പെട്ടു. ഗാംഗ്‌ടോക്കിലേക്ക് എൽടിസി അവധിയെടുത്ത ശേഷം സർക്കാരിന്റെ യാതൊരുവിധ അനുമതിയുമില്ലാതെ മിഡിൽ ഈസ്റ്റിലെ നാല് രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കുകയായിരുന്നു. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടത്തിയ ഈ രഹസ്യ സന്ദർശനത്തിനിടെ തടിയന്റവിഡ നസീറിന്റെ തീവ്രവാദ ബന്ധങ്ങൾ അന്വേഷിക്കാൻ സ്വയം ശ്രമിച്ചെന്നും രാജ്യവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുയർന്നു. ഖത്തറിലെ അന്നത്തെ ഇന്ത്യൻ സ്ഥാനപതി ദീപ വാധ്വ ഗോപാലൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ രഹസ്യ റിപ്പോർട്ടിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ കേന്ദ്രം എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് തീവ്രവാദ ബന്ധമെന്ന ആരോപണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സർവീസ് ചട്ടലംഘനത്തിന് വീണ്ടും നടപടികൾ നേരിടേണ്ടി വന്നു.
സംഗീതത്തോട് വലിയ താല്പര്യം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ടോമിൻ ജെ. തച്ചങ്കരി. എന്നാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ചുമതലകളെയും ചട്ടങ്ങളെയും പോലും കാറ്റിൽപ്പറത്തി അദ്ദേഹം സംഗീതരംഗത്ത് സജീവമായത് സേനയ്ക്കുള്ളിൽ വലിയ അതൃപ്തികൾക്ക് വഴിവെച്ചു. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ തച്ചങ്കരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ജീവനക്കാരുടെ സർവീസ് സംഘടനയുമായി ചേർന്ന് ഒരു സംഗീത ആൽബം പുറത്തിറക്കാൻ ശ്രമിച്ചത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടും, സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയുമായിരുന്നു ഇത്തരം കലാപരിപാടികൾക്കും ആൽബം നിർമ്മാണത്തിനും അദ്ദേഹം നേരിട്ട് നേതൃത്വം നൽകിയത്. പോലീസിന്റെ അച്ചടക്കത്തെയും അന്തസ്സിനെയും കളങ്കപ്പെടുത്തുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി അന്ന് അദ്ദേഹത്തിനെതിരെ ശക്തമായ ഭരണതല വിമർശനം ഉയർന്നിരുന്നു.
പൊലീസ് ആസ്ഥാനത്തുണ്ടായിരുന്ന അതീവ പ്രാധാന്യമുള്ള പല രഹസ്യ കേസ് ഫയലുകളും തച്ചങ്കരി നശിപ്പിച്ചിട്ടുണ്ടെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ പിന്നീട് പരസ്യമായി വെളിപ്പെടുത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.2023-ൽ ഡിജിപി റാങ്കിൽ സർവീസിൽനിന്ന് വിരമിച്ച ശേഷവും വിവാദങ്ങൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. വിരമിച്ച ഉദ്യോഗസ്ഥർക്ക് അർഹതയില്ലാതിരുന്നിട്ടും ഡിജിപിയുടെ ഔദ്യോഗിക ചിഹ്നമായ മൂന്ന് നക്ഷത്രങ്ങൾ പതിച്ച ബോർഡുവെച്ച സ്വകാര്യ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. 2026-ൽ കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണയ്ക്കായി ഇതേ കാറിലെത്തിയതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഒടുവിൽ നാല് പതിറ്റാണ്ട് നീണ്ട സർവീസ് ജീവിതത്തിലെ കറുത്ത പാടുകൾ ബാക്കിവെച്ച് വിജിലൻസ് കോടതിയിൽ കുറ്റക്കാരനായി തലകുനിക്കേണ്ടി വന്നിരിക്കുകയാണ് ഈ മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates