ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; വിജ്ഞാപനം ഇറക്കി സര്‍ക്കാര്‍

അന്തിമ തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കൈക്കൊള്ളും.
tourist bus
ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; വിജ്ഞാപനം ഇറക്കി സര്‍ക്കാര്‍Center-Center-Kochi
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമ പുറപ്പെടുവിച്ചു.

റോഡ് സുരക്ഷ മുന്‍നിര്‍ത്തി ബസുകളില്‍ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് 2021 ഓഗസ്റ്റ് 11-ന് എല്‍.എം.വി അല്ലാത്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏകീകൃത കളര്‍ കോഡ് നിര്‍ബന്ധമാക്കിയത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നിര്‍ബന്ധമാക്കിയിരുന്നില്ല.

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ മറ്റ് തടസ്സങ്ങളില്ലാതെ കേരളത്തില്‍ സര്‍വീസ് നടത്തുമ്പോള്‍, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് മാത്രം ഏകീകൃത കളര്‍ കോഡ് നിഷ്‌കര്‍ഷിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ കാരണം ഉടമകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെ മോട്ടോര്‍ വാഹന നികുതിയും പെര്‍മിറ്റ് ഫീസും ഇനത്തില്‍ സര്‍ക്കാരിന് വന്‍ വരുമാനനഷ്ടമുണ്ടായി.ഈ പശ്ചാത്തലത്തിലാണ് 1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 67 (1) (ഡി) പ്രകാരം സര്‍ക്കാരിന് ലഭിച്ച അധികാരം ഉപയോഗിച്ച് പുനഃപരിശോധനാ നിര്‍ദേശം നല്‍കിയത്.

അന്തിമ തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കൈക്കൊള്ളും. അതേസമയം, വാഹനങ്ങളുടെ ബോഡിയിലും ഗ്ലാസുകളിലും നടന്മാരുടെ ഭീമന്‍ ചിത്രങ്ങളോ പോസ്റ്ററുകളോ പതിക്കാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക.

2022 ഒക്ടോബറില്‍ വടക്കഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. വെള്ളനിറം മറ്റ് ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുമെന്നതിനാലാണ് തെരഞ്ഞെടുത്തത്.

Summary

Tourist buses can now be colorful; the government issues notification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com