ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

​6 വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ കുറിഞ്ഞി; മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് സന്ദർശകർ എത്തുമ്പോൾ ബോധവൽക്കരണവുമായി അധികൃതരും പരിസ്ഥിതി പ്രവർത്തകരും
Mettukurinji Plants
Tourists Face ₹25,000 Fine for Damaging Mettukurinji Plants in Tamil Nadu. VM Sadique Ali
Updated on
2 min read

​ഗൂഡല്ലൂർ/നാടുകാണി: നീലനിറം പടർത്തി മലഞ്ചെരിവുകളിൽ പൂത്തുനിൽക്കുന്ന മേട്ടുക്കുറിഞ്ഞിയാണ് കഴിഞ്ഞ ദിവസങ്ങളിലായി ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ആറു വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന ഈ അപൂർവ പുഷ്പം കാണാൻ കേരളത്തിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.

എന്നാൽ മേട്ടുക്കുറിഞ്ഞിയെ നീലക്കുറിഞ്ഞിയെന്ന് തെറ്റിദ്ധരിച്ച് പൂക്കളും ചെടികളും പറിച്ചെടുക്കുന്ന പ്രവണത വർധിച്ചതോടെ തമിഴ്നാട് വനംവകുപ്പ് കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് 25,000 രൂപ വരെ പിഴ ചുമത്തുമെന്നും വനംവകുപ്പ് അടിയന്തര മുന്നറിയിപ്പ് നൽകി.

​എന്താണ് മേട്ടുക്കുറിഞ്ഞി?

​നീലക്കുറിഞ്ഞിയുടെ അതേ സ്റ്റ്രോബിലാന്തസ് (Strobilanthes) ജനുസ്സിൽപ്പെട്ട മേട്ടുക്കുറിഞ്ഞി (Strobilanthes sessilis) ആറു വർഷത്തിലൊരിക്കലാണ് പൂക്കുന്നത്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞിയുമായി വലിയ രൂപസാദൃശ്യമുള്ളതിനാൽ നിരവധി പേർ ഇവയെ ഒരേ ഇനമായി തെറ്റിദ്ധരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ ചില പ്രത്യേക മലനിരകളിൽ മാത്രം വളരുന്ന തനത് (Endemic) സസ്യവിഭാഗങ്ങളാണ് മേട്ടുക്കുറിഞ്ഞിയും നീലക്കുറിഞ്ഞിയും.

kurinji
ആറു വർഷത്തിലൊരിക്കലാണ് മേട്ടുക്കുറിഞ്ഞി പൂക്കുന്നത്Photo: VM Sadique Ali

കഴിഞ്ഞ വാരാന്ത്യത്തിൽ നിലമ്പൂർ, മലപ്പുറം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിലാണ് സന്ദർശകർ ഗൂഡല്ലൂരിലേക്കും നാടുകാണിയിലേക്കും എത്തിയത്. അപൂർവ പൂക്കാലം നേരിൽ കാണുന്നതിനൊപ്പം ഇൻസ്റ്റഗ്രാം, യൂട്യൂബ് റീലുകൾ ചിത്രീകരിക്കാനെത്തിയവരും ഏറെയായിരുന്നു. പലരും പൂക്കൾ പറിച്ചെടുക്കുകയും ചിലർ ചെടികൾ വീട്ടിൽ നട്ടുവളർത്താമെന്ന ധാരണയിൽ വേരോടെ പറിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായി വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.

​'വീട്ടിൽ നട്ടാൽ വളരില്ല, പ്രകൃതിയോടുള്ള സമീപനം മാറണം' മേട്ടുക്കുറിഞ്ഞിയും നീലക്കുറിഞ്ഞിയും പ്രത്യേക ഹൈറേഞ്ച് മലനിരകളിൽ മാത്രം വളരുന്ന തനത് സസ്യവിഭാഗങ്ങളാണെന്ന കാര്യം പലർക്കും അറിയില്ലെന്ന് വന്യജീവി ഫോട്ടോഗ്രാഫറും നേച്ചർ വ്ലോഗറുമായ വി.എം. സാദിഖ് അലി പറഞ്ഞു.

kurinji
മേട്ടുക്കുറിഞ്ഞിPhoto: VM Sadique Ali

​"ഗൂഡല്ലൂരിലും നാടുകാണിയിലും ഇപ്പോൾ കാണുന്നത് അപൂർവ കാഴ്ചയാണ്. ഹെക്ടറുകണക്കിന് മലനിരകളാണ് മേട്ടുക്കുറിഞ്ഞി പൂത്തുനിൽക്കുന്നത്. ഊട്ടിയിലേക്കുള്ള വഴിയിലെ നീഡിൽ റോക്ക് വ്യൂ പോയിന്റിലൂടെ സന്ദർശകർക്ക് പൂക്കാലം കാണാൻ ഗൂഡല്ലൂർ ഫോറസ്റ്റ് റേഞ്ച് സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ ഈ സസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാതെയാണ് പലരും പൂക്കളും ചെടികളും നശിപ്പിക്കുന്നത്. നിരവധി മലയാളം വ്ലോഗർമാരുടെ വീഡിയോകളിൽ പോലും ആളുകൾ പൂക്കൾ പറിച്ചുകൊണ്ടുപോകുന്നതും ചെടികൾ വീട്ടിൽ നട്ടുവളർത്താനായി കൊണ്ടുപോകാൻ ശ്രമിക്കുന്നതും കാണാം. അവിടെ മാത്രം വളരാൻ കഴിയുന്ന സസ്യങ്ങളാണിവ. പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്." - വി.എം. സാദിഖ് അലി. ​സന്ദർശകർക്കിടയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി ഇൻസ്റ്റഗ്രാമിലൂടെയും അദ്ദേഹം ബോധവത്കരണ വിഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്.

mettukurinji
കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികള്‍Photo: VM Sadique Ali

കാഴ്ച സമയം രാവിലെ 9 മുതൽ വൈകീട്ട് 4 വരെ മാത്രം; തമിഴിലും മലയാളത്തിലും പ്രഖ്യാപനം

​മേട്ടുക്കുറിഞ്ഞി അപൂർവ സസ്യവിഭാഗമായതിനാൽ അതിന്റെ സംരക്ഷണത്തിനാണ് മുൻഗണന നൽകുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. പ്രധാന കാഴ്ചാ കേന്ദ്രങ്ങളിലായി 25-ഓളം വനപാലകരെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്.

​പൂക്കാലത്തിന്റെ തുടക്കത്തിൽ, പ്രത്യേകിച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്നും പൂക്കൾ പറിക്കുന്നത് തടയാൻ വനപാലകർ ബുദ്ധിമുട്ടിയെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. തുടർന്ന് തമിഴിലും മലയാളത്തിലുമായി പൂക്കളും ചെടികളും നശിപ്പിക്കരുതെന്ന് അനൗൺസ്‌മെന്റുകളിലൂടെ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്.

രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാത്രമാണ് പ്രധാന കാഴ്ചാ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നിയന്ത്രണങ്ങളും 25,000 രൂപ പിഴയും ഏർപ്പെടുത്തിയതോടെ സന്ദർശകരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, ഈ അപൂർവ പ്രകൃതി വിസ്മയം നശിപ്പിക്കാതെ സംരക്ഷിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Summary

Tourists Face ₹25,000 Fine for Damaging Mettukurinji Plants in Tamil Nadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com