

തിരുവനന്തപുരം: സർപ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടൊവിനോ തോമസ്. ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്കരിച്ച ആപ്പാണ് സർപ്പ ആപ്പ്. ബ്രാൻഡ് അംബാസിഡറായി പങ്കു ചേർന്ന ടൊവിനോയ്ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
'സർപ്പ' യ്ക്ക് കൂടുതൽ പ്രചാരം നൽകാൻ ക്യാമ്പയിനിൽ പങ്കാളികൾ ആവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. സർപ്പ ആപ്പിൻ്റെ ഭാഗമായി ടൊവിനോ തോമസ് പങ്കാളിയായ പ്രചാരണ വിഡിയോ പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
"പാമ്പു കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞു. ഈ കാലയളവിനുള്ളിൽ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ.
ഈ ഉദ്യമത്തിൽ സർപ്പയുടെ ബ്രാൻഡ് അംബാസഡറായി പങ്കു ചേർന്ന ടൊവിനോ തോമസിന് നന്ദി. സർപ്പയ്ക്ക് കൂടുതൽ പ്രചാരം നൽകാനും പാമ്പു കടിയിൽ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ഈ ക്യാമ്പയ്നിൽ ഏവരും പങ്കു ചേരുക. ഒരുമിച്ച് ഈ പദ്ധതിയെ കൂടുതൽ മികവിലേയ്ക്ക് നയിക്കാം".- മുഖ്യമന്ത്രി കുറിച്ചു.
"നിങ്ങൾക്ക് പാമ്പുകളെ പേടിയാണോ. എനിക്കും അങ്ങനെയായിരുന്നു. പക്ഷേ കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയ്ക്ക് പാമ്പ് കടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. അതിനൊരു കാരണവുമുണ്ട്. കേരളത്തിൽ വനം വകുപ്പിന്റെ വിദഗ്ധ പരിശീലനം നേടിയ 3000 ത്തോളം പേരുണ്ട്.
അവർ സുരക്ഷിതമായി പാമ്പുകളെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവർത്തനത്തിനായി നിങ്ങൾക്ക് ഇവരെ സമീപിക്കാം. വനം വകുപ്പിന്റെ സർപ്പ ആപ്പിലൂടെ നിങ്ങൾക്ക് ഇവരുടെ സേവനം ഏത് സമയവും ഉപയോഗപ്പെടുത്താം. ഇനി പാമ്പ് എന്ന പേടി വേണ്ട. സർപ്പ ഉണ്ടല്ലോ" - ടൊവിനോ വിഡിയോയിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates