

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എല്‍ഐസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീര്‍ത്ഥാടനത്തിനിടെ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിന്റെ തലേദിവസം മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാകുമെന്നും കെ ജയകുമാര്‍ പറഞ്ഞു. തീര്‍ത്ഥാടക കേന്ദ്രീകൃതമായ തീരുമാനങ്ങളാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ മരാമത്ത് പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മലകയറുമ്പോള്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 200 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കസേരകള്‍ സ്ഥാപിച്ചു. കൂടാതെ നിലയ്ക്കലില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഒരേസമയം വിശ്രമിക്കാന്‍ സാധിക്കുന്ന രണ്ട് വലിയ പന്തലുകളും ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
വഴിപാടുകള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന് പ്രാധാന്യം നല്‍കുമെന്നും എല്ലാ ഡോളി സര്‍വീസുകളും ഇനി മുതല്‍ പ്രീ - പെയ്ഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 17 - ന് നട തുറക്കുമ്പോള്‍ 50 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി ഉണ്ടാകും. അരവണ നിര്‍മാണത്തിന് ആവശ്യമായ ശര്‍ക്കരയുടെ കാര്യത്തില്‍ നിലവില്‍ ആശങ്കകളില്ല. നെയ്യ് മില്‍മയില്‍ നിന്നാണ് വാങ്ങുന്നത്. നേരത്തെ മുറികള്‍ ബുക്ക് ചെയ്യുന്നതിനുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചിട്ടുണ്ടെന്നും നിലവില്‍ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശുചിമുറികള്‍ ടെന്‍ഡര്‍ ആകുന്നത് വരെ ദേവസ്വം നേരിട്ട് കൈകാര്യം ചെയ്യും. ഓരോ മണിക്കൂര്‍ ഇടവിട്ട് വൃത്തിയാക്കും. 200 ല്‍ അധികം തൊഴിലാളികളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. അരവണയും അപ്പവും പോസ്റ്റല്‍ വഴി ലഭിക്കാന്‍ ഇത്തവണ മുതല്‍ ക്രമീകരണമുണ്ടാകും. പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ചാണ് നടപടിയെന്നും ദേവസ്വം പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates