

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ദേവസ്വം മന്ത്രി അറിയിച്ചെന്നു കെ ജയകുമാർ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. തൃശൂരിൽ വച്ച് നേരിട്ട് കണ്ടപ്പോഴാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. തിങ്കളാഴ്ചയോടെ ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'വല്ലാത്തൊരു സമയത്താണ് ഈ നിയോഗം. 17 മുതൽ ശബരിമല മണ്ഡലകാലം ആരംഭിക്കുകയാണല്ലോ. ഉത്തരവ് കിട്ടിയാൽ എത്രയും പെട്ടെന്നു സ്ഥാനമേൽക്കണമെന്നാണ് വിചാരിക്കുന്നത്. രണ്ട് മാസം നടക്കുന്ന തീർഥാടനം ഭംഗിയായി നടത്തുക എന്നതാണ് ഇപ്പോൾ മുന്നിലുള്ള പ്രധാന വിഷയം. അതിനാണ് ഏറ്റവും വലിയ മുൻഗണന. ഒരുക്കങ്ങളെല്ലാം ഇപ്പോൾ നടക്കുന്നുണ്ടാകുമല്ലോ. അതിന്റെ പിന്തുടർച്ചയായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. എന്തെല്ലാം ഒരുക്കങ്ങൾ ചെയ്താലും സീസൺ ആരംഭിക്കുമ്പോൾ പുതിയ പുതിയ പ്രശ്നങ്ങൾ വരും. മറ്റ് കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല.'
'സീസൺ കുറ്റമറ്റ രീതിയിൽ നടത്തണം. അതാണ് എന്റെ ആഗ്രഹം. ഭക്തൻമാർക്ക് സന്തോഷകരമായ ദർശനം കിട്ടിയെന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കണം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മറ്റു ക്രമീകരണങ്ങൾ എന്നിവയെല്ലാം നല്ല രീതിയിൽ മുന്നോട്ടു പോയാൽ ശബരിമലയിൽ വരുന്നവർക്ക് തൃപ്തി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. അതിനാണ് പ്രഥമ പരിഗണന നൽകേണ്ടത് എന്നു എനിക്കു തോന്നുന്നു.'
'ഈ സ്ഥാനം ഞാൻ പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം. എന്റെ പേര് ഇക്കാര്യത്തിൽ വരേണ്ടതില്ലല്ലോ. എങ്കിലും ഈശ്വര വിശ്വാസിയായ ഞാൻ പുതിയ സ്ഥാനലബ്ധി ഒരു നിയോഗമായാണ് കാണുന്നത്. സർക്കാരും അതിന്റെ പിന്നിൽ ഭഗവാനും ചേർന്നു ഒരു ഉത്തരവാദിത്വം എന്നെ എൽപ്പിക്കുകയാണല്ലോ. അങ്ങനെയാണ് ഞാൻ കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സംസാരിക്കും.'
'സ്വർണക്കൊള്ള വിവാദത്തിലേക്ക് ഇപ്പോൾ ശ്രദ്ധ പോകണോ എന്നതാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് തീർച്ചയായും പോകേണ്ടി വരും. കാരണം കോടതിയിലിരിക്കുന്ന വിഷയമാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കാര്യങ്ങൾ ഞാൻ പ്രസിഡന്റായാൽ നോക്കും. തീർച്ചയായും അതു നോക്കണമല്ലോ. നിയമപരമായും നടപടിക്രമങ്ങളിലുമെല്ലാം എന്തെല്ലാം മാറ്റങ്ങൾ വേണം, ശാക്തീകരണം, ഓഡിറ്റിങ്, അക്കൗണ്ടിങ്, അക്കൗണ്ടബിലിറ്റി എന്നിവ സംബന്ധിച്ചെല്ലാം പതിയെ കാര്യങ്ങൾ ശരിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.'
'ജനുവരി 15ലെ മകര വിളക്ക് വരെയുള്ള കാര്യങ്ങളാണ് ഇപ്പോൾ മുഖ്യമായി പരിഗണിക്കുന്നത്. ലക്ഷോപലക്ഷം ആളുകൾ വരുന്നതല്ലേ. അതിനാണ് ഇപ്പോൾ മുഖ്യ പരിഗണന നൽകുന്നത്. അപ്പോഴേക്കും വിവാദങ്ങൾ സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സമയമുണ്ടല്ലോ'- അദ്ദേഹം പ്രതികരിച്ചു.
ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജയകുമാർ തലപ്പത്തേക്ക് എത്തുന്നത്. ശബരിമലയിൽ മുൻകാലങ്ങളിൽ പ്രവൃത്തിച്ചു പരിചയമുള്ള ഉദ്യോഗസ്ഥനാണ് ജയകുമാർ. ബഹുമുഖ പ്രതിഭയായ അദ്ദേഹം ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates