രോഗിയായ ആദിവാസിയെ പുഴുവരിച്ച മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സാ അനാസ്ഥയെന്ന് പരാതി

കഴിഞ്ഞ മാസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും മതിയായ പരിചരണവും തുടര്‍ചികിത്സയും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം
medical college mananthavady
മാനന്തവാടി മെഡിക്കല്‍ കോളജ്
Updated on
2 min read

മാനന്തവാടി: പുഴുവരിച്ച മുറിവുകളോടെ വയോധികനായ ആദിവാസി കാന്‍സര്‍ രോഗിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ചികിത്സാ അനാസ്ഥയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയും പണിയ സമുദായാംഗവുമായ ബോലന്‍, അംബേദ്കര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും മതിയായ പരിചരണവും തുടര്‍ചികിത്സയും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

medical college mananthavady
പാലക്കാട്ട് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി, ഇല്ലെന്ന് ഡിഎംഒ; വീണ്ടും വിവാദം

അസഹ്യമായ വേദന അനുഭവിച്ചിരുന്ന ബോലന്റെ ശരീരത്തിലെ മുറിവുകളില്‍ പുഴുക്കള്‍ നിറഞ്ഞ നിലയിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. തുടര്‍ന്നാണ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം എത്തിച്ചത്. രോഗിയുടെ ഗുരുതരാവസ്ഥ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.

സംഭവത്തില്‍ ആശുപത്രിക്കെതിരെ ആദിവാസി സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ അവസ്ഥ ഇത്രയും ദയനീയമാകാന്‍ കാരണമായതെന്ന് അവര്‍ ആരോപിച്ചു. രോഗിക്ക് ഭക്ഷണവും ചായയും നല്‍കുന്നതിനിടെ ശരീരത്തില്‍നിന്നും ചുണ്ടുകളില്‍നിന്നും പുഴുക്കള്‍ പുറത്തുവരുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ കാര്യമായ പരിഗണന നല്‍കിയില്ലെന്നും പ്രദേശവാസികളും വിവിധ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയും ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്ത ശേഷമാണ് മുറിവുകള്‍ വൃത്തിയാക്കി പരിചരണം നല്‍കാന്‍ നടപടി സ്വീകരിച്ചതെന്നും അവര്‍ ആരോപിച്ചു.

അംബേദ്കര്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയ ബോലന്റെ ആരോഗ്യനില പിന്നീട് കൂടുതല്‍ വഷളാകുകയായിരുന്നു. ഇതിനിടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെങ്കിലും ആവശ്യമായ തുടര്‍പരിചരണം ഉറപ്പാക്കപ്പെട്ടില്ലെന്നാണ് ബന്ധുക്കളുടെയും ആദിവാസി പ്രവര്‍ത്തകരുടെയും പരാതി. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികള്‍ ഫലപ്രദമായി മുന്നോട്ടുപോയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആരോഗ്യസംവിധാനത്തിലെ വീഴ്ചകളാണ് രോഗിയുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാകാന്‍ കാരണമായതെന്നാണ് ആരോപണം.

medical college mananthavady
നിപ മരുന്ന് ഇന്ന് എത്തും; ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമെത്തുക രണ്ട് തരം പ്രതിരോധ മരുന്നുകള്‍

അതേസമയം, സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ ഉണ്ടായിട്ടും വയനാട്ടിലെ ആദിവാസി സമൂഹങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യപരിരക്ഷ ഇന്നും ലഭ്യമാകുന്നില്ലെന്ന് ആദിവാസി പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ പണിയന്‍ പറഞ്ഞു. 'ബോലന് ലഭ്യമാക്കാന്‍ കഴിയുന്ന നിരവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. ആശാ വര്‍ക്കര്‍മാര്‍ക്കോ ആദിവാസി പ്രമോട്ടര്‍മാര്‍ക്കോ അദ്ദേഹത്തെ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പാലിയേറ്റീവ് കെയര്‍ സംഘം വീട്ടിലെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല' -അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ആദിവാസി രോഗികള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തുമ്പോള്‍ പോലും സൗജന്യ ചികിത്സയും മരുന്നുകളും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നു. ബോലന്റെ സംഭവം പൊതുശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഇതുപോലെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിരവധി കേസുകള്‍ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്,'' മണിക്കുട്ടന്‍ പറഞ്ഞു.

Summary

Tribal man admitted to hospital with maggot-ridden wounds; complaint of medical negligence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com