

ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തി.
തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണു (62) കൊല്ലപ്പെട്ടത്. കിടപ്പുമുറിയില്‍ കട്ടിലില്‍ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്.
ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യഥാര്‍ഥ പ്രതികള്‍ മോഷണക്കേസുകളിലെ പ്രതിയും അയാളുടെ ഭാര്യയുമാണെന്ന് ഇന്നു വ്യക്തമാകുകയായിരുന്നു. ഇരുവരും പിടിയിലായി. ഇവര്‍ മുമ്പ് ഹംലത്തിന്റെ അയല്‍പക്കത്തു വാടകയ്ക്കു താമസിച്ചിരുന്നു. ഇവരെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നിലവില്‍ റിമാന്‍ഡിലായ അബൂബക്കര്‍ സ്ത്രീയുടെ വീട്ടില്‍ വന്നിരുന്നെങ്കിലും ഇയാള്‍ മടങ്ങിയശേഷമാണു കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്നു സ്ത്രീ പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെയുണ്ടായിരുന്ന ശീതളപാനീയം നല്‍കി. പിന്നാലെ സ്ത്രീ ഉറങ്ങിയപ്പോള്‍ രാത്രി 11 മണിയോടെ അബൂബക്കര്‍ മടങ്ങി.
അര്‍ധരാത്രിക്കുശേഷം മോഷ്ടാവും ഭാര്യയും അവിടെയെത്തി. വൈദ്യുതി വിച്ഛേദിച്ചശേഷം അടുക്കള വാതില്‍ മണ്‍വെട്ടികൊണ്ടു തട്ടിത്തുറന്ന് അകത്തു കടന്നു. ശ്വാസംമുട്ടലുണ്ടായിരുന്ന ഹംലത്ത് തളര്‍ന്നുകിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഹംലത്ത് ബഹളമുണ്ടാക്കിയപ്പോള്‍ മോഷ്ടാവിന്റെ ഭാര്യ കാലുകളില്‍ ബലമായി പിടിച്ചു. ഭര്‍ത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഇരുട്ടായതിനാല്‍ ഹംലത്ത് അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രതികള്‍ കണ്ടില്ല. അലമാരയിലുണ്ടായിരുന്ന കമ്മലും ഹംലത്തിന്റെ മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കി. സ്ഥലത്തു മുളകുപൊടി വിതറിയശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ പിടികൂടി. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ ഹംലത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതു പൊലീസിനെ വലച്ചിരുന്നു. പിന്നീട് ഈ ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നതു പൊലീസ് കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളിയായിരുന്നു ലൊക്കേഷന്‍. പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടി. അവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ചത് എന്തെന്ന് വ്യക്തമായത്. ഹംലത്തിന്റെ കമ്മല്‍ ഇവര്‍ വിറ്റു കാശെടുക്കുകയും ചെയ്തു. പ്രതിയായ സ്ത്രീ അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പുരുഷന്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates