

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. രമേശ് ചെന്നിത്തല എംഎൽഎ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഓട്ടോറിക്ഷാ ഡ്രൈവറായ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), പച്ചക്കറി വ്യാപാരിയായ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ മാസം 29 നാണ് സംഭവം. അന്ന് ഡയാലിസിസിന് വിധേയരായ ആറുപേർക്കാണ്, ഡയാലിസിസിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർക്ക് വിറയലും ഛർദ്ദിയും അനുഭവപ്പെട്ടു. തുടർന്ന് മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലും, രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മജീദ് 30 ന് രാത്രിയും, രാമചന്ദ്രൻ ഇന്നലെ രാവിലെയുമാണ് മരിച്ചത്.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്ന് തട്ടാരമ്പലത്തെ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഡയാലിസിസ് യൂണിറ്റ് അണുവിമുക്തമാണെന്നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates