'ഏക സിവിൽകോ‍ഡിൽ പാർലമെന്റിൽ ഒറ്റ ശബ്ദമാകണം'- എംപിമാരോട് മുഖ്യമന്ത്രി 

ന്യൂനപക്ഷ വിഭാ​ഗക്കാരുടെ മനസിൽ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവിൽ കോഡ് മാറാൻ പാടില്ല
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
Updated on
1 min read

തിരുവനന്തപുരം: ഏക സിവിൽകോഡ് വിഷയത്തിൽ എംപിമാർ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 20നാണ് പാർലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി എംപിമാരുടെ യോ​ഗം വിളിച്ചു ചേർത്തു. ഈ യോ​ഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഏക സിവിൽകോഡ് പ്രഖ്യാപനം രാജ്യത്തെ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വിവിധ ജാതി, മതസ്ഥരുടേയും ജനങ്ങളുടേയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങളാണ് അവരെ ആശങ്കയിലാക്കുന്നത്. വ്യക്തി നിയമങ്ങളുടെ കാര്യത്തിൽ വേണ്ടവിധത്തിൽ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം എടുക്കുന്നത് ജനാധിപത്യ ഭരണ രീതിക്കു ഒട്ടും യോജിച്ചതല്ല. ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാ​ഗങ്ങളുടേയും വിശ്വാസവും തുല്യ പങ്കാളിത്തവും അനിവാര്യമാണ്. 

എന്നാൽ ചില ന്യൂനപക്ഷ വിഭാ​ഗക്കാരുടെ മനസിൽ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവിൽ കോഡ് മാറാൻ പാടില്ല. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുണ്ട്. 

മതനിരപേക്ഷയുടെ കാര്യത്തിൽ രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളെ പ്രിതിനിധാനം ചെയ്യുന്ന പാർലമെന്റ് അം​ഗങ്ങൾ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന നിയമ നിർമാണ നടപടികളെ പാർലമെന്റിൽ‌ ശക്തമായി എതിർക്കണമെന്നു അ​ദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു. വിമാനക്കൂലിയിലെ അമിത വർധനവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2023 ഓ​ഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഒരു മാസം കേരളത്തിലേക്കുള്ള വിമാനക്കൂലിയിൽ അമിത വർധനവുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്കു വരുന്ന പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്തയച്ചിട്ടുണ്ട്. കത്തിൽ പ്രവാസികളുടെ ഈ ആശങ്ക പ്രത്യേകമായി തന്നെ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിനു അനുമതി ലഭിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com