

കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി എംപിയെ കാത്തിരുന്ന് മടുത്ത യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ച് ഇറങ്ങിപോയി. എം പി വൈകിയതിലും സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായതിലും പ്രതിഷേധിച്ചാണ് നേതാക്കള്‍ പ്രിയങ്കയെ കാണാതെ മടങ്ങിയത്.
സുല്‍ത്താന്‍ ബത്തേരി റസ്റ്റ് ഹൗസില്‍ ഇന്ന് ഉച്ചയോടെ നേതാക്കളെ കാണാനെത്തുമെന്നാണ് പ്രിയങ്ക അറിയിച്ചിരുന്നത്. എന്നാല്‍, രണ്ടേകാലോടെയാണ് എംപി റസ്റ്റ് ഹൗസില്‍ എത്തിയത്. ഇതിനിടെ പതിനഞ്ചോളം നേതാക്കള്‍ റസ്റ്റ് ഹൗസിന്റെ കോമ്പൗണ്ടിനുള്ളില്‍ ഉണ്ടായിരുന്നു. റെസ്റ്റ് ഹൗസ് വരാന്തയിലേക്ക് പ്രവേശിച്ച നേതാക്കളെ സുരക്ഷാ ചുമതലയുള്ള ഒരു ഓഫീസര്‍ തടഞ്ഞുവെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതോടെയാണ് നേതാക്കള്‍ ഇറങ്ങിപോയത്.
മണ്ഡലത്തില്‍ എത്തിയ പ്രിയങ്ക പാരമ്പര്യ നെല്‍ക്കര്‍ഷകന്‍ ചെറുവയല്‍ രാമനെയും എം എന്‍ കാരശേരിയേയും വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് പ്രിയങ്ക ചെറുവയല്‍ രാമന്റെ എടവക കമ്മനയിലെ വീട്ടിലെത്തിയത്. മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ച പ്രിയങ്ക രാമനില്‍ നിന്നും വിത്തുശേഖരണത്തെപ്പറ്റിയും കൃഷിയെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ ചോദിച്ചു മനസിലാക്കി.
കഴിഞ്ഞ ദിവസം, മുക്കത്ത് കാരശേരിയിലെ 'അമ്പാടി' വീട്ടില്‍ എത്തിയാണ് വയനാട് എംപി എം എന്‍ കാരശേരിയെ കണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാരശേരിയുടെ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേട്ട എം പി അവ എഴുതിയെടുത്തു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന് ഒപ്പമായിരുന്നു പ്രിയങ്കയുടെ സന്ദര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates