അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ പതിച്ചത് കോന്നിയില്‍, ഓറഞ്ച് അലര്‍ട്ട്; പട്ടിക ഇങ്ങനെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍
Ultraviolet rays hit Konni more, orange alert
അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ പതിച്ചത് കോന്നിയില്‍ഫയൽ
Updated on
2 min read

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് കോന്നിയില്‍ പത്താണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക എട്ട് മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് ജാഗ്രതയാണ് നല്‍കുക. ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന ഓറഞ്ച് ജാഗ്രതയാണ് കോന്നിയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കൊട്ടാരക്കര 8, മൂന്നാര്‍ 8, തൃത്താല 8, പൊന്നാനി 8 എന്നിങ്ങനെയാണ് ഓറഞ്ച് ജാഗ്രതയില്‍ വരുന്ന മറ്റു പ്രദേശങ്ങള്‍. ചങ്ങനാശേരി 7, ചെങ്ങന്നൂര്‍ 7, കളമശേരി 5, ഒല്ലൂര്‍ 7 എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അള്‍ട്രാ വയലറ്റ് സൂചിക ആറു മുതല്‍ ഏഴുവരെയെങ്കില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ നിര്‍ദേശം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

ഏറ്റവും ഗുരുതരമായ സാഹചര്യത്തിന് നല്‍കുന്ന റെഡ് അലര്‍ട്ട് എവിടെയും ഇല്ല. സൂചിക 11ന് മുകളില്‍ ആണെങ്കില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചിക വിവരങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പങ്കുവെച്ചത്. ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, ഉദുമ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സൂചിക വ്യക്തമാക്കുന്നു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മല്‍സ്യ തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

മലമ്പ്രദേശങ്ങള്‍ (high altitudes), ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com