

രാത്രി 10 മണിയോടെ ഒമാന്‍- യു.എ.ഇ. അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ നടന്നു തുടങ്ങി. എട്ടുപേരായിരുന്നു സംഘത്തില്‍. ഇന്ത്യാക്കാരന്‍ ഞാന്‍ മാത്രമായിരുന്നു. മലനിരകള്‍ക്കിടയിലൂടെ ആറ് മണിക്കൂര്‍ നടക്കണമെന്നാണ് റാബിയുള്‍ പറഞ്ഞത്. അതിര്‍ത്തി കടക്കാനുള്ള തീരുമാനം ഞാന്‍ സഖാവ് ജോണിനെയും ബാബുവിനെയും വിളിച്ച് അറിയിച്ചു. മസ്‌ക്കറ്റിലേക്ക് തിരിച്ചുവരാന്‍ ജോണ്‍ പറഞ്ഞപ്പോള്‍, ഭാഗ്യം പരീക്ഷിക്കാനാണ് ബാബു പറഞ്ഞത്.
'അത് ശരിക്കും നിലാവുള്ള രാത്രിയായിരുന്നതിനാല്‍ കാര്യമായ ഇരുട്ടുണ്ടായിരുന്നില്ല. താഴ്‌വരത്തിലൂടെ ഞങ്ങള്‍ നടക്കുമ്പോള്‍ അവിടെ പാമ്പും കാട്ടുനായയും ഉണ്ടാകുമോയെന്ന് കൂട്ടത്തിലൊരാള്‍ ചോദിച്ചു. അരമണിക്കൂര്‍ നടന്നുകഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തയാള്‍ ചോദിച്ചു 'നമ്മള്‍ മൂന്ന് മണിക്കൂര്‍ താഴ്‌വാരത്തിലൂടെ നടന്നു കഴിഞ്ഞ് കുന്ന് കയറാന്‍ തുടങ്ങിയാല്‍ പിന്നെയും മൂന്ന് മണിക്കൂര്‍...' ഈ ഘട്ടത്തില്‍ അത് ഞങ്ങള്‍ക്ക് കഴിയുമോ എന്ന ഒരു ആശങ്ക എന്നെയും ഭരിക്കാന്‍ തുടങ്ങി.
'പാക് ഡ്രൈവര്‍ക്ക് മാത്രമേ റൂട്ട് അറിയുമായിരുന്നുള്ളൂ. അയാളായിരുന്നു ഏറ്റവും മുമ്പില്‍. ഞാന്‍ പതിയെയായിരുന്നു താഴേയ്ക്ക് ഇറങ്ങിയത്. താഴ്‌വാരത്ത് കൂടി നടന്നപ്പോള്‍ എന്റെ വലതുകാലിന്റെ ഉള്‍പാദത്തില്‍ മുറിവുണ്ടായി.' ഒരു പൊട്ടിയ കുപ്പിയില്‍ ചവിട്ടി, ചെരിപ്പ് തുളച്ച് കുപ്പിച്ചില്ല് കാലില്‍ ഉണ്ടാക്കിയത് ആഴത്തിലുള്ള ഒരു മുറിവ്.
കടുത്ത വേദനയില്‍ അലറിക്കരഞ്ഞുകൊണ്ട് നിലത്തേക്ക് വീണു. എല്ലാവരും എന്റെ അടുത്തേക്ക് ഓടിവന്നു. കൂട്ടത്തിലൊരാള്‍ എന്നെ താങ്ങിയിരുത്തി. മറ്റൊരാള്‍ മൊബൈലിലെ ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ ഞാന്‍ ചവിട്ടിയ ചില്ല് കാലില്‍ തറഞ്ഞിരിക്കുന്നു.
പാദത്തില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു കുപ്പി വെള്ളം ആരോ എന്റെ കയ്യില്‍ നിന്നും വാങ്ങി, അതിന്റെ അടപ്പ് തുറന്നു, മുറിവിലേക്ക് വെള്ളമൊഴിച്ചു. മുറിവ് കഴുകിക്കഴിഞ്ഞപ്പോള്‍ കാലില്‍ ഒരു ചീള തറഞ്ഞിരിക്കുന്നു. വലിച്ചെടുത്തപ്പോള്‍ നിലവിളിക്കണമെന്നാണ് തോന്നിയത്. എന്നാല്‍ അത് താഴ്‌വാരത്തൂടെ പോകുന്ന നായ്ക്കളുടെ ശ്രദ്ധവിളിച്ചു വരുത്തുമെന്നു പറഞ്ഞതിനാല്‍ പണിപ്പെട്ട് അടക്കി.
ഒമാന്‍ താഴ്‌വാരത്തെ നായ്ക്കള്‍ ക്രൂരമായി ആരേയും ഉപദ്രവിക്കാന്‍ പോന്നതാണ്. അതുകൊണ്ട് തന്നെ കരയാതെ വേദന കടിച്ചമര്‍ത്താന്‍ കൂട്ടത്തിലുള്ളവര്‍ പറഞ്ഞു. അത് ഏറെ ഹൃദയഭേദകമായിരുന്നു. എന്നിരുന്നാലും മുറിവിലെ വലിയ ചില്ലുകഷണങ്ങള്‍ ഞങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ ടോര്‍ച്ച് വെട്ടത്തില്‍ കണ്ടെത്താന്‍ അസാധ്യമായ ചെറിയ ചീളുകള്‍ മുറിവില്‍ ഇനിയുമുണ്ടായിരുന്നു. അവ മുറിവിനുള്ളിലിരുന്ന് എനിയ്ക്ക് വേദനയുണ്ടാക്കിക്കൊണ്ടിരുന്നു.
മുറിവ് വലിച്ചുമുറുക്കി കെട്ടണമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അതിന് പോലും തുണിയില്ലായിരുന്നു. ഞാന്‍ ധരിച്ചിരുന്നത് പോലും ഒരു കയ്യില്ലാത്ത മുറിയുടുപ്പായിരുന്നു. ഞാന്‍ എന്റെ ഷര്‍ട്ട് ഊരി. കയ്യില്ലാത്ത കുപ്പായം ഊരിയെടുത്ത് അതില്‍ നിന്നും ഒരു കഷ്ണം തുണി നീളത്തില്‍ കീറിയെടുത്തു.
അതുകൊണ്ട് മുറിവ് മൂടിക്കെട്ടുകയും മറ്റൊന്നെടുത്ത് ഉപ്പൂറ്റി ഉള്‍പ്പെടെ കൂട്ടിക്കെട്ടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാനും കൂട്ടത്തിലുള്ളവര്‍ സഹായിച്ചു. അത് വളരെ പ്രയാസമായിരുന്നു. എന്റെ മുറിവേറ്റ കാലുകള്‍ വിറ കൊള്ളാന്‍ തുടങ്ങി. നടക്കാന്‍ കഴിയുമോ ? മലനിരയിലേക്ക് കയറാനാകുമോ? എനിയ്ക്ക് സംശയമായി.
ഇനി മടങ്ങാനാകുമായിരുന്നില്ല. ഇപ്പോള്‍ തന്നെ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു. ഇനി തിരിച്ചു പോകാമെന്ന് കരുതിയാല്‍ അത് ഒറ്റയ്ക്ക് നടക്കാത്ത കാര്യവുമാണ്. ഞാന്‍ ഇരുളിനെ ഭയന്നുതുടങ്ങിയിരുന്നു. പാത അറിയാത്തതും പ്രശ്‌നമായി. ആര് എന്റെ കൂടെ വരും? എല്ലാവരും അതിര്‍ത്തി കടക്കാന്‍ പോകുന്നവരാണ്. ഒന്നുകില്‍ പകല്‍ വരാന്‍ കാത്തിരുന്ന ശേഷം തിരിച്ചുനടക്കാം. അല്ലെങ്കില്‍ യാത്ര തുടരാം. ഞാന്‍ മുമ്പോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. അതൊരു ശരിയായ തീരുമാനവുമായിരുന്നു.
* * * * *
പകല്‍വെളിച്ചം വീഴുന്നതിന് മുമ്പേ അതിര്‍ത്തി കടന്നാലേ പോലീസ് പിടിക്കുന്നത് ഒഴിവാക്കാനാകൂ. അപ്പോള്‍ പുലര്‍ച്ചെ 4 മണിയായിരുന്നു സമയം. ഇനിയും കിട്ടാവുന്ന പരമാവധി സമയം മൂന്ന് മണിക്കൂര്‍ മാത്രമാണ്. എന്നാല്‍ പകലിന് ഞങ്ങളെ തോല്‍പ്പിക്കാനായില്ല. അന്നേ ദിവസത്തെ രാവിന് ദൈര്‍ഘ്യം കൂടുതലായിരുന്നു. എന്നാല്‍ കൂടുതല്‍ പ്രതിസന്ധികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നു....
* * * * *
ഇത് മജീദിന്റെ കഥയാണ്, മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ഒമാനില്‍ വര്‍ഷങ്ങളായി അകപ്പെട്ടുപോയ ഇന്ത്യക്കാരന്‍. പൊതുമാപ്പ് സമ്പ്രദായമൊന്നും ഇല്ലാതിരുന്ന കാലത്ത് ഒമാന്‍- യു.എ.ഇ. അതിത്തിയിലൂടെ ഒളിച്ചുകടക്കുകയെന്ന സാഹസത്തിന് അയാള്‍ തയാറായി. സാഹസികമായ യാത്രക്കൊടുവില്‍ അയാള്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി. രേഖകളില്ലാതെ യു.എ.ഇയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ അവിടെ പൊതുമാപ്പു പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തി കടക്കാന്‍ ഒരുങ്ങുന്നത് വരെ മജീദിനെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഈ എഴുത്തുകാരനായിരുന്നു. അയാള്‍ പിന്നീട് ഇന്ത്യയിലെ തന്റെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം എഴുത്തുകാരനെ തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും തന്റെ സാഹസികമായ അതിര്‍ത്തി കടക്കല്‍ നടന്ന സമയത്ത് എഴുതിയ ഡയറിക്കുറിപ്പുകള്‍ സമ്മാനിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള നിരവധി അനുഭവക്കുറിപ്പുകളുടെ ആകെത്തുകയാണ് റജിമോന്‍ കുട്ടപ്പന്റെ 'അണ്‍ഡോക്യുമെന്റഡ് സ്റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്സ് ഇന്‍ അറബ് ഗള്‍ഫ്' എന്ന പുസ്തകത്തില്‍ പറയുന്നത്. അറബ് ഗള്‍ഫില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിപ്പോയവരെക്കുറിച്ചും അവര്‍ എങ്ങിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നും അതിന്റെ രൂപരേഖ, ക്രൂരത, ദുരിതം എല്ലാം ഉള്‍പ്പെടുത്തി റെജിമോന്‍ കുട്ടപ്പന്‍ എഴുതിയ പുസ്തകം നവംബര്‍ 16 ന് പുറത്തിറങ്ങുകയാണ്. ഇംഗ്ലീഷിലുള്ള ഈ പുസ്തകം ലോകത്തെ മുന്‍നിര പ്രസാധകരായ പെന്‍ഗ്വിന്‍ ആണ് പ്രസിദ്ധീകരിക്കുന്നത്.
ഈ പുസ്തകം ഒരുകൂട്ടം കുടിയേറ്റക്കാരുടെ കഥകള്‍ എന്നതിനപ്പുറം ആകാംഷയും ഉദ്വേഗവും ജനിപ്പിക്കുന്നതും ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതുമാണ്. ഇന്ത്യാ അറബ് കുടിയേറ്റ ഇടനാഴിയില്‍ പുറംലോകം അറിയാതെ പോയ തൊഴിലാളി ചൂഷണവും ദുരന്തങ്ങളും വെളിച്ചത്തു കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഉത്തരവാദിത്വപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വെറുതേ അദൃശ്യനായ എഴുത്തുകാരനായി നടിക്കുക മാത്രമല്ല എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നത്. എഴുത്തില്‍ ഉടനീളം അദ്ദേഹം ഒരു മനുഷ്യാവകാശ പ്രവത്തകനെന്ന രീതിയില്‍ നിരീക്ഷകനായും സഹായിയായും വിവരങ്ങള്‍ നല്‍കിയും മറ്റുള്ളവരെ സഹായിക്കാന്‍ താന്‍ നടത്തിയിരുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിലൂടെ പറയുന്നു. ഒപ്പം ഈ മേഖലയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിമിതിയും സ്വാതന്ത്ര്യവും എഴുത്തില്‍ കാണാം.
ആയിരം വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കേരളത്തിലെയും ഒമാനിലെയും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക ചരിത്രം ഓരോന്നായി മികവോടെ പുസ്തകത്താളുകളില്‍ ഒതുക്കിയിട്ടുണ്ട്. 1600 മുതലുള്ള അറബ് രാജ്യങ്ങളുടെ പ്രത്യേകിച്ച് ദുബായിയുടെ ചരിത്രവും ഉണ്ട്.
കഫാലാ സമ്പ്രദായത്തിന്റെ കെണിയും ചതിക്കുഴികളും പ്രവാസികളുടെ ദുരിതം, തെറ്റിദ്ധാരണകള്‍, അവരുടെ ഗൃഹാതുരത്വം, കുടുംബവുമായി വേര്‍പെടലിന്റെ വിഷാദാത്മകമായ ജീവിതപോരാട്ടവും നിരാശയും സ്വന്തം കുടുംബങ്ങളില്‍ നിന്നും പ്രവാസി നേരിടുന്ന അവഗണനകളുമെല്ലാം പുസ്തകത്തില്‍ വിഷയമാകുന്നു.
ഒമാന്‍- യു.എ.ഇ. വഴിയുള്ള മജീദിന്റെ രക്ഷപ്പെടലിന്റെ ത്രസിപ്പിക്കുന്ന കഥ, ജുമൈലായുടെ അറബിക്കല്യാണം, അപകടകരമായി നടന്ന സുഷ്മിതയുടെ രക്ഷപ്പെടുത്തല്‍, സദാചാര മൂല്യങ്ങളില്‍ വിശ്വസിച്ച് എല്ലാം നഷ്ടപ്പെടുത്തിയ അപ്പുണ്ണിയെക്കുറിച്ചും ഈ പുസ്തകത്തില്‍ ഉണ്ട്. മനുഷ്യക്കടത്തിനിരയാക്കി അടിമജീവിതത്തില്‍ തളച്ചിടപ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ചെറുതെങ്കിലും ശ്രദ്ധപിടിച്ചുപറ്റിയ അറബ് വസന്തത്തിന്റെ ഒമാനിലെ പ്രതിഷേധവും രാജ്യത്തിന്റെ വിപ്ലവത്തിന്റെ ദീര്‍ഘചരിത്രവുമുണ്ട്. കോവിഡ് മഹാമാരിയില്‍ തൊഴിലാളിയുടെ ശമ്പളമോഷണവും രോഗങ്ങളും മരണങ്ങളും, നിര്‍ബന്ധപൂര്‍വം തിരിച്ചയയ്ക്കപ്പെട്ടവരുടെ തൊഴിലില്ലായ്മയും ദാരിദ്രവുമുണ്ട്. സാഹോദര്യം പുലര്‍ത്തുന്ന പ്രാദേശീക സംസ്‌ക്കാരത്തിലൂടെ ഒമാനി സമൂഹത്തിന്റെ വികസനവും വളര്‍ച്ചയുമെല്ലാം ഒരു മികച്ച പരമ്പര പോലെ കുറിച്ചിട്ടുണ്ട്.
മങ്കി വിസകളുമായി ബന്ധപ്പെട്ട അറിവുകള്‍ ഇതില്‍ അകപ്പെട്ടു പോയവരുടെ തമാശ കലര്‍ന്ന സംഭവങ്ങളും ദുരന്തങ്ങളും അനുഭവങ്ങളും കാണാനാകും. കഥാകാരന്‍ എന്ന നിലയില്‍ 'അണ്‍ ഡോക്യുമെന്റഡ്' പദവിയില്‍ കൈകാര്യം ചെയ്യപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ഉയര്‍ച്ച താഴ്ചകളുടെ ലോകത്തേക്കും റജിമോന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകും. പ്രവാസികളെ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ തൊഴിലാളി ചൂഷണത്തിലൂടെ തഴച്ചുവളര്‍ന്നത് എങ്ങിനെയാണെന്ന് രേഖപ്പെടുത്തപ്പെടാതെ പോയതെന്നും പുസ്തകം കാട്ടിത്തരുന്നുണ്ട്.
ജീവിക്കാന്‍ വേണ്ടി കുടിയേറ്റ തൊഴിലാളി കടന്നുപോകുന്ന ഇതുവരെ കേട്ടിട്ടില്ലാത്ത വെല്ലുവിളികളും അവരുടെ അസാധാരണമായ മനക്കരുത്തുമെല്ലാം റെജിമോന്‍ കുട്ടപ്പന്റെ കഥകളിലുണ്ട്. ദീര്‍ഘകാലമായി തൊഴിലാളിയെ പിന്തുടരുന്ന അസമത്വവും സാമ്പ്രദായികവും ഘടനാപരവുമായ കുറവുകളും ഉള്‍പ്പെടെ അനേകം കാര്യങ്ങള്‍ പ്രതിഫലിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന ഊര്‍ജ്ജത്തില്‍ വായനക്കാരന്‍ പല തവണ വൈകാരികമായി അടിമപ്പെട്ട് പുസ്തകം താഴ്ത്തി വെയ്ക്കുകയും വീണ്ടും കയ്യിലെടുക്കുകയും ചെയ്‌തേക്കാം.
എഴുത്തുകാരനെക്കുറിച്ച്
പുസ്തകത്തിന്റെ രചേതാവായ റെജിമോന്‍ കുട്ടപ്പന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും കുടിയേറ്റ അവകാശങ്ങള്‍ കണ്ടെത്തുന്നയാളുമാണ്. 2017 ല്‍ ഇന്ത്യയിലേക്ക് നാടുകടത്തും വരെ ഒമാനിലെ ടൈംസ് ഓഫ് ഒമാനിലെ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. അറബ് ഗള്‍ഫിലെ മനുഷ്യക്കടത്തും ആധുനിക അടിമത്തവും തുറന്നുകാട്ടിയുള്ള അനേകം മുന്‍നിര സ്റ്റോറികള്‍ ചെയ്തു. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ (ടി.ആര്‍.എഫ്.) എ.എഫ്.പി., മിഡില്‍ ഈസ്റ്റ് ഐ, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ദി കാരവാന്‍, വയര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ ന്യുസ് പോര്‍ട്ടലുകള്‍ക്ക് വേണ്ടി എഴുതിയിട്ടുണ്ട്. തൊഴിലാളി കുടിയേറ്റം എന്ന വിഷയത്തില്‍അന്താരാഷ്ട്ര തൊഴിലാളി സംഘടന, റോയിട്ടേഴ്‌സ്, എന്‍എഫ്.ഐ. എന്നിവയുടെയെല്ലാം ഫെല്ലോഷിപ് ചെയ്തിട്ടുണ്ട്..
2018 ല്‍ കേരളത്തിലുണ്ടായ ജലപ്രളയത്തില്‍ ആയിരക്കണക്കിന് പേരുടെ രക്ഷകരായി മാറിയ അനേകം മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങളുടെ സമാഹാരമായ 'റോവിംഗ് ബിറ്റ്്വീന്‍ റൂഫ്‌ടോപ്‌സ്: ദി ഹീറോയിക് ഫിഷര്‍മെന്‍ ഓഫ് കേരളാ ഫ്‌ളഡ്‌സ്' എഴുതി.
പുസ്തകത്തിന് മുന്‍കൂര്‍ ആശംസ
ഡോ: ശശിതരൂര്‍
'കുടിയേറ്റ അവകാശങ്ങള്‍ പറയുന്നതില്‍ പരിചയസമ്പന്നനായ റെജിമോന്‍ കുട്ടപ്പന്‍ ഗള്‍ഫിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെയും വ്യക്തിപരവും നിയമപരമായും നേരിട്ട പ്രതിസന്ധികളും ഹൃദയഭേദകമായ നിരവധി കഥകളുമാണ് അണ്‍ഡോക്യുമെന്റില്‍ ഉള്ളത്. വിസാ ദുരിതം മുതല്‍ സാമൂഹ്യ പ്രതീക്ഷകളുടെ ഭാരത്തിലുണ്ടായ തകര്‍ച്ച വരെയുള്ള അനേകരുടെ ദുരിതങ്ങള്‍ പുസ്തകത്തില്‍ വിശാലമായി ചേര്‍ത്തിട്ടുണ്ട്. ഇത് എല്ലാ ഇന്ത്യാക്കാരേയും ആഴത്തില്‍ ആശങ്കപ്പെടുത്തുന്നതാണ്'.
പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍
കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രധാനമായും ഒമാനിലേക്കും യു.എ.ഇയിലേക്കും നടന്ന അറബ്- ഗള്‍ഫ് തൊഴിലാളി കുടിയേറ്റത്തിന്റെ 60 വര്‍ഷത്തെ ചരിത്രം ഈ പുസ്തകത്തിലുണ്ട്. ഓരോന്നും പലരുടേയും കഥകളാണ്. ഓരോ കഥകളും ഒരോ മഞ്ഞുമലയുടെ അറ്റം മാത്രമാണ്, ഓരോന്നും അനേകരുടെ ഉദാഹരണവുമാണ്. എല്ലാവരും ഒരുപോലെയാണെങ്കിലും വിവിധ കഥകളാണ് പറയുന്നത്. പ്രകാശമാനമാര്‍ന്ന ഒരു ഭാവി ലക്ഷ്യംവച്ച് ജനിച്ചനാടിനെ ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുത്തവരാണ് ഓരോരുത്തരുമെങ്കിലും ജീവിതത്തിലെ തിരിവുകള്‍ ഇവരില്‍ ചിലരെ പ്രാദേശിക സര്‍ക്കാരിന്റെ കണ്ണുകളില്‍ അനധികൃതരാക്കുകയും മാതൃരാജ്യത്തിന് അസ്വീകാര്യരാക്കുകയും ചെയ്തു.
ഈ കഥകള്‍ ആരും പറയാത്തതും കേള്‍ക്കാത്തതുമാണ്. എല്ലാ കഥകളിലും വൈവിധ്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. സന്തോഷവും ദു:ഖവും ഭയവും അത്ഭുതവും ദേഷ്യയും ഉത്ക്കണ്ഠയും നിറഞ്ഞ യഥാര്‍ഥ ജീവിതങ്ങളുണ്ട്. ഇത് തൊഴില്‍കുടിയേറ്റം, മനുഷ്യക്കടത്ത്, ആധുനിക അടിമത്തം, അടിമത്തം, ഒറ്റപ്പെടല്‍, ചൂഷണം എന്നിവയെക്കുറിച്ചാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates