

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് രാവിലെയാണ് പൊലീസ് സുബ്രഹ്മണ്യനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസ് ഫോണ്‍ പിടിച്ചെടുത്തതായി എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.
കേരളത്തിലെ പൊലീസ് എകെജി സെന്ററിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. താന്‍ പങ്കുവെച്ചത് യഥാര്‍ഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയില്‍ നിന്നുമെടുത്ത ചിത്രമാണ് താന്‍ പങ്കുവച്ചത്. സ്വര്‍ണക്കൊള്ളക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ഒരു പടം ഷെയര്‍ ചെയ്തതിനാണ് എനിക്കെതിരെ കേസ് എടുത്തത്. അതേപടം ഷെയര്‍ ചെയ്ത രാജീവ് ചന്ദ്രശേഖറിനെതിരെ കേസും അറസ്റ്റും ഇല്ലെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.
'എന്നെ രാവിലെ പ്രാതല്‍ പോലും കഴിക്കാന്‍ അനുവദിക്കാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം വണ്ടിയില്‍ വരാമെന്ന് പറഞ്ഞപ്പോള്‍ അതനുവദിക്കാതെ പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ബിപിക്കുള്ള ഗുളിക പോലും കഴിക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല പ്രാഥമിക കര്‍മം ചെയ്യാന്‍ കൂടി അവര്‍ അനുവദിച്ചില്ല. എന്ത് നടന്നാലും സ്വര്‍ണക്കൊള്ള നടത്തിയവരെ പുറത്തുകൊണ്ടുവരുന്നതുവരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി ഞാന്‍ ഉണ്ടാകും' - സുബ്രഹ്മണ്യന്‍ പറഞ്ഞു.
ജനാധിപത്യ സര്‍ക്കാരിന് യോജിക്കാത്ത നടപടിയാണ് എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന് ഭ്രാന്ത്പിടിച്ചോയെന്ന് സംശയിക്കുന്നതാണ് ഈ നടപടി. സിപിഎമ്മിന്റെയും പൊലീസിന്റെയും അവസാനത്തെ കളിയാണ് ഇതെന്നും ഈ തീക്കളിക്കെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കലാപാഹ്വാനം നടത്തിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എന്‍ സുബ്രഹ്മണ്യനെതിരെ ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. കേസെടുത്തിട്ടും പോസ്റ്റ് നീക്കാന്‍ സുബ്രഹ്മണ്യന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് എന്‍ സുബ്രഹ്മണ്യന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. എന്നാല്‍, ഇതില്‍ ഒരു ചിത്രം എഐ നിര്‍മിതമാണെന്ന നിലയിലായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്നതായുള്ള ചിത്രം എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates