

കൊച്ചി : വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവര്‍ക്കും കേരളം ചുട്ട മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്‍ ആരുടെയും ഉപകരണമായി മാറരുത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സിപിഎമ്മും സംഘപരിവാറും കേരളത്തില്‍ വ്യാപകമായി വര്‍ഗീയത പ്രചരിപ്പിക്കുന്നു. മതേതര കേരളത്തിനുള്ള വെല്ലുവിളിയാണ് ഇവര്‍ രണ്ടുകൂട്ടരും. അവരുടെ ഉപകരണമായി വെള്ളാപ്പള്ളി മാറരുത്. കാരണം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവാണ് അദ്ദേഹം. വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ തന്നെ എന്തുകൊണ്ടാണ് ലക്ഷ്യം വെക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. വര്‍ഗീയത പറയരുതെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. അത് ആരു പറഞ്ഞാലും എതിര്‍ക്കും. പണ്ടും തനിക്കെതിരെ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ ഊളമ്പാരയ്ക്ക് അയക്കണമെന്നാണ് മുമ്പ് ഈ സമുദായ നേതാവ് പറഞ്ഞത്. അന്നും താന്‍ തിരിച്ചൊന്നും പറഞ്ഞിട്ടില്ല. മതേതരവാദികള്‍ക്കൊപ്പമാണ് ഞങ്ങള്‍. കുറേ സമുദായ നേതാക്കളും കുറേ രാഷ്ട്രീയ നേതാക്കളും ഇറങ്ങിയാണ് ജനങ്ങളെ കമ്യൂണലാക്കുന്നത്. മതേതര ജനത കോണ്‍ഗ്രസിനൊപ്പമാണ്. മതേതര കേരളം യുഡിഎഫിനൊപ്പം നില്‍ക്കും. വിഡി സതീശന്‍ പറഞ്ഞു.
വെള്ളാപ്പള്ളി വലിയൊരു വര്‍ഗീയ പരാമര്‍ശം നടത്തിയപ്പോള്‍, അത്തരമൊരു വര്‍ഗീയ പരാമര്‍ശം നടത്തരുതെന്നാണ് താന്‍ പറഞ്ഞത്. വെള്ളാപ്പള്ളിയുടെ പേരു പോലും പറയാതെയായിരുന്നു താന്‍ പ്രസംഗിച്ചത്. ശ്രീനാരായണഗുരു എന്താണോ പറഞ്ഞത് അതിനു വിരുദ്ധമായി ഒന്നും പറയരുതെന്നാണ് പറഞ്ഞത്. എന്നാല്‍ അത്തരമൊരു പ്രസംഗം നടത്തിയ ആള്‍ക്ക് പിറ്റേ ആഴ്ച മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. അത് സമൂഹത്തില്‍ എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. അങ്ങനെ ചെയ്ത മുഖ്യമന്ത്രിയാണ് തന്റെ മുന്നില്‍ നിന്ന് മതേതരത്വത്തെക്കുറിച്ച് പ്രസംഗം നടത്തിയത് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ബിജെപി വര്‍ഗീയ പ്രസ്താവന നടത്തിയാല്‍ അതില്‍ വിസ്മയിക്കാനൊന്നുമില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്ന് സിപിഎമ്മിന്റെ നേതാവ് ഏ കെ ബാലന്‍ പറയുന്നു. 42 കൊല്ലം ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന്റെ കൂടെയായിരുന്നു. അന്ന് ഒരുപാടു കാലം സിപിഎം ഭരിച്ചിട്ടുണ്ട്. അന്നൊക്കെ ജമാ അത്തെ ഇസ്ലാമിയാണോ ആഭ്യന്തരം ഭരിച്ചിരുന്നത്?. ആണെങ്കില്‍ ഞങ്ങള്‍ ശ്രദ്ധിച്ചോളാമെന്നും വിഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണ് താന്‍. അങ്ങനെയുള്ളപ്പോള്‍ ഏതെങ്കിലും ഹിന്ദു ഐക്യവേദി നേതാവ് എനിക്ക് അനുകൂലമായി പറയുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.
ഈ വാദം തന്നെയാണ് സിപിഎം പറയുന്നത്. അതേസമയം താന്‍ ഹിന്ദു വിരുദ്ധനാണെന്നാണ് ബിജെപി പറയുന്നത്. പറവൂരില്‍ ബിജെപിയും ബിഡിജെഎസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ, ആ വോട്ടു മുഴുവന്‍ രണ്ടാമതു വരുന്ന ഇടതു സ്ഥാനാര്‍ത്ഥിക്ക് മറിച്ചു നല്‍കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. വര്‍ഗീയതയ്‌ക്കെതിരായ നിലപാട് സെക്യുലര്‍ പൊസിഷനിങ്ങാണ്. തെരഞ്ഞെടുപ്പില്‍ തോറ്റാലും വേണ്ടില്ല, അതില്‍ ഒരു വെള്ളവും ചേര്‍ക്കില്ല. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍, മുന്നില്‍ നിന്നു വെട്ടേറ്റു മരിച്ചാല്‍ വീരാളിപ്പട്ടു പുതച്ചു കിടക്കും എന്ന് 2016 ല്‍ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞയാളാണ് താന്‍. അന്ന് വര്‍ഗീയശക്തികളെല്ലാം തോല്‍പ്പിക്കാനായി ഒത്തുചേര്‍ന്നു. വര്‍ഗീയതയുമായി പോരാടുമ്പോള്‍ പുറകിലേക്ക് ഓടില്ലെന്ന് പറഞ്ഞയാളാണ് താനെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ന്നതില്‍ മുസ്ലിം ലീഗിന് എന്തു റോളാണ് ഉള്ളതെന്ന് വിഡി സതീശന്‍ ചോദിച്ചു. എന്തിനാണ് ലീഗിനെ വലിച്ചിഴക്കുന്നത്. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തെ ലീഗിന് എങ്ങനെ തകര്‍ക്കാനാകുമെന്നും സതീശന്‍ ചോദിച്ചു. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റേയും ശബ്ദം ഒന്നുതന്നെയാണ്. അത് ടീം യുഡിഎഫാണ്. ഒറ്റ ശബ്ദമാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം നല്ലതാണ്. എല്ലാവരും ഒരുമിച്ച് നിക്കട്ടെ. ആരും വഴക്കിടേണ്ടതില്ല. ഒരുമിച്ചു നില്‍ക്കുന്നത് നല്ല സന്ദേശമല്ലേയെന്നും വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates