

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസം എന്നത് എല്ലാവർക്കും പ്രാപ്യവും മതേതരവുമാകണം. എന്നാൽ, ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ്. വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ കേരള സർക്കാർ ശക്തമായി അപലപിക്കുന്നു. എറണാകുളത്ത് നടക്കുന്ന 'ജ്ഞാനസഭ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽ ആശങ്കകളുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നേതൃത്വം നൽകുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നുവെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.
സർവകലാശാലകൾ സ്വതന്ത്രവും നിഷ്പക്ഷവുമാകണം. അക്കാദമിക മികവിനും ഗവേഷണത്തിനും ഊന്നൽ നൽകേണ്ട സ്ഥാപനങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ കേരള സർക്കാർ ശക്തമായി അപലപിക്കുന്നു. എറണാകുളത്ത് നടക്കുന്ന 'ജ്ഞാനസഭ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽ ആശങ്കകളുണ്ട്.
വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം എന്നത് എല്ലാവർക്കും പ്രാപ്യവും മതേതരവുമാകണം. എന്നാൽ, ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നേതൃത്വം വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നു എന്ന വാർത്തയും ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. സർവകലാശാലകൾ സ്വതന്ത്രവും നിഷ്പക്ഷവുമാകണം. അക്കാദമിക മികവിനും ഗവേഷണത്തിനും ഊന്നൽ നൽകേണ്ട സ്ഥാപനങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കാവിവൽക്കരണ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനും വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം ഉയർത്തിപ്പിടിക്കാനും കേരളത്തിലെ പൊതുസമൂഹം എല്ലാ നടപടികളും സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates