

തിരുവനന്തപുരം: മരിച്ചു പോയ അച്ഛന് ഒരു മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കത്ത് വായിച്ചു കണ്ണ് നിറഞ്ഞുവെന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീനന്ദ എഴുതിയ കത്തിന്റെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്.
വായനമാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂള്‍ വിദ്യാരംഗം കുട്ടികള്‍ക്കായി നടത്തിയ കത്തെഴുതാം സമ്മാനം നേടാം എന്ന പരിപാടിയുടെ വിജയിയെ കണ്ടെത്താനുള്ള തപാല്‍പ്പെട്ടി പൊട്ടിച്ചപ്പോഴാണ് കണ്ണ് നനയിച്ച വൈകാരികമായ ഒരു കത്ത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആ കത്തിലെ വരികള്‍ ഇങ്ങനെയാണ്,
എന്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛന് അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു. അച്ഛനെ മറക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛന്‍ തിരികെ വരിക? ആ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കും. എപ്പോഴെങ്കിലും ഞാന്‍ എന്റെ അച്ഛനെ കാണും. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്, എന്ന് എഴുതിയാണ് ശ്രീനന്ദ കത്ത് അവസാനിപ്പിക്കുന്നത്.
2024 ഏപ്രില്‍ 10ന് ബൈക്കപകടത്തില്‍ വിട്ടുപോയ അച്ഛന്‍ വായിക്കാന്‍ വേണ്ടി എഴുതിയ കത്താണ് മന്ത്രിയുടെയും കണ്ണ് നിറച്ചത്. ഓരോ വരിയിലും അച്ഛനോടുള്ള സ്‌നേഹം പ്രകടമാകുന്ന കത്ത് വായിക്കുന്ന ആരുടേയും കണ്ണ് നനയിക്കും. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പനങ്ങാട് നോര്‍ത്തിലെ നെരവത്ത് മീത്തല്‍ ബൈജുവിന്റെ മരണം കുടുംബത്തിന് മാത്രമല്ല നാടിനെയും ഏറെ സങ്കടത്തിലാഴ്ത്തിയ ദുരന്തമായിരുന്നു.
ശ്രീനന്ദയുടെ അമ്മ ബേക്കറി ജോലി ചെയ്താണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. നൂറോളം കുട്ടികള്‍ പങ്കെടുത്ത കത്തെഴുത്ത് മത്സരത്തില്‍ ഒരു മകള്‍ അച്ഛന് ഹൃദയത്തില്‍ നിന്നെഴുതിയ സ്വര്‍ഗത്തിലേയ്ക്ക് ഒരു കത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹമാവുകയും ചെയ്തു. വൈകാരിതയ്ക്ക് അപ്പുറം കത്തിന്റെ ഉള്ളടക്കവും ഭാഷയും ഏറെ ശക്തവും തീവ്രവുമാണെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്,
മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.
ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപോയാലും അവരുടെ സ്‌നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അച്ഛന്‍ ശ്രീമോളുടെ ഓര്‍മ്മകളില്‍ വഴികാട്ടിയായി കൂടെയുണ്ടാകും.
ശ്രീമോള്‍ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കാന്‍ എല്ലാവരുമുണ്ടാകും.
സ്‌നേഹത്തോടെ,
വി ശിവന്‍കുട്ടി
Education Minister V Sivankutty has come forward with words of comfort in response to a letter written by a daughter to her deceased father.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates