

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെടുത്തി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്.
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിന്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇവയില്ലാത്തതിനാല്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ളവ വച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം
കോവിഡ്19 സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവര്‍ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കുക. ഇനിയും തെറ്റുപറ്റിയാല്‍ പിന്നെ ഒന്നും ചെയ്യാനുള്ള അവസരം ലഭ്യമല്ല.
സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെ തെറ്റുതിരുത്താം?
ആദ്യമായി കോവിന്‍ വെബ്‌സൈറ്റിലെ ഈ ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ വരും. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.
സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍
പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.
വെവ്വേറെ രണ്ട് ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍
രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യേണ്ടതാണ്.
പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍
ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പര്‍ തെറ്റാതെ ചേര്‍ക്കേണ്ടതാണ്.
മറ്റൊരാള്‍ നമ്മുടെ നമ്പരില്‍ രജിസ്റ്റര്‍ ചെയ്താല്‍
നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈല്‍സില്‍ കാണിച്ചാല്‍ റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.
ബാച്ച് നമ്പരുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍
വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി ഒ.ടി.പി. നമ്പര്‍ നല്‍കി വെബ് സൈറ്റില്‍ കയറുക. അപ്പോള്‍ അക്കൗണ്ട് ഡീറ്റൈല്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.ഒരു മൊബൈല്‍ നമ്പരില്‍ നിന്നും 4 പേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാലു പേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates