

കൊച്ചി: വീണാ വിജയന്റെ കമ്പനിയ്‌ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ അവസാനിക്കുമെന്ന് ഭയക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ അനുഭവങ്ങള്‍ നീതി പൂര്‍വകമായ അന്വേഷണം ഉറപ്പാക്കുന്നില്ല. നേരത്തെ നാലു കേസുകളില്‍ സിപിഎം- ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നെന്ന് സതീശന്‍ പറഞ്ഞു. വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശന്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടോയെന്നും സതീശന്‍ ചോദിച്ചു.
വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്ന് കെ മുരളധിരന്‍ എംപി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയെ ആശ്രയിച്ചിരിക്കും. ഇപ്പോഴത്തെ നടപടി ഒത്തുതീര്‍പ്പിന്റെ ഭാഗമാകാം. മുഖ്യമന്ത്രിയെ ഭയപ്പെടുത്താനുള്ള ഭീഷണിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
'കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങള്‍ ഇതില്‍ വലിയ ആവേശം കാണിക്കുന്നില്ല. കാരണം കേന്ദ്ര ഏജന്‍സികളൊക്കെ സെക്രട്ടേറിയറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. പക്ഷേ ഇപ്പോ കേറും, ഇപ്പോ കേറും എന്നു പറയുന്നതല്ലാതെ കയറുന്നില്ല. ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം ഒക്കെ കാണുന്നത്. സമ്മര്‍ദത്തിനു വഴങ്ങിയില്ലെങ്കില്‍ ശരിക്കും കയറുമെന്ന ഭീഷണിയാണിത്. ഇതു കാണുമ്പോള്‍ മുഖ്യമന്ത്രി ഭയപ്പെടുകയും ചെയ്യും. അതുകൊണ്ട തന്നെ ഇതൊരു അന്തര്‍ധാരയില്‍ അവസാനിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' കെ മുരളീധരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
