

പത്തു വർഷത്തെ നീണ്ട രാഷ്ട്രീയ വനവാസത്തിന് വിരാമമിട്ട് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് കോൺഗ്രസ് ഗംഭീരമായി തിരിച്ചെത്തുമ്പോൾ, വിജയത്തിന്റെ പ്രഭ കുറയ്ക്കുന്ന രീതിയിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള വടംവലി മുറുകുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം സഭയ്ക്കകത്തും പുറത്തും സർക്കാരിനെ മുൾമുനയിൽ നിർത്തിയ വി.ഡി. സതീശനെ തന്നെ ഭരണത്തലവനാക്കണമെന്ന ആവശ്യവുമായി അണികൾ ഇതിനോടകം തെരുവിലിറങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 'പട നയിച്ചവൻ ഭരിക്കട്ടെ' എന്ന വികാരം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരും തീർക്കുന്ന പ്രതിഷേധ തിരമാലകൾ പാർട്ടി നേതൃത്വത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തുകയാണ്.
വി.എസിനായി ഇരമ്പിയ കേരളം: പിണറായി യുഗത്തിന് മുൻപത്തെ ജനകീയ വിപ്ലവം
കേരള രാഷ്ട്രീയ ചരിത്രത്തിൽ പാർട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങളെ അണികൾ തെരുവിൽ തിരുത്തിച്ച ഏറ്റവും വലിയ ഉദാഹരണമാണ് 2006-ലെ വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാർത്ഥിത്വം. അന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വി.എസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ ഈ വാർത്ത പുറത്തുവന്നതോടെ കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
'കണ്ണേ കരളേ വിഎസേ' എന്ന മുദ്രാവാക്യവുമായി സി.പി.എം കോട്ടകളിൽ പോലും പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങി. പാർട്ടി അച്ചടക്കത്തെക്കാൾ വലുത് വി.എസ് എന്ന വികാരമാണെന്ന് അണികൾ പ്രഖ്യാപിച്ചു.
ജനരോഷം ആളിപ്പടർന്നതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. ഒടുവിൽ വി.എസിനെ മത്സരിപ്പിക്കാൻ പാർട്ടി നിർബന്ധിതരായി. ആ തരംഗത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തുകയും വി.എസ് മുഖ്യമന്ത്രിയാവുകയും ചെയ്തു. പാർട്ടിക്ക് മുകളിൽ ജനഹിതം വിജയിച്ച അപൂർവ്വ നിമിഷമായിരുന്നു അത്.
ലീഡറുടെ ശക്തിപ്രകടനം: കോൺഗ്രസിനെ വിറപ്പിച്ച കരുണാകരൻ തരംഗം
കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരൻ പാർട്ടി നേതൃത്വവുമായി ഉടക്കി സ്വന്തം വഴി തേടിയത് അണികളുടെ വലിയ പിന്തുണയോടെയായിരുന്നു. എ ഗ്രൂപ്പും ഹൈക്കമാൻഡും ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന് തിരിച്ചറിഞ്ഞ 'ലീഡർ' അണികളെ അണിനിരത്തി നടത്തിയ ശക്തിപ്രകടനങ്ങൾ കേരള രാഷ്ട്രീയത്തിലെ വലിയ ഏടാണ്.
2005-ൽ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന റാലികളിലും സമ്മേളനങ്ങളിലും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് തെരുവിലിറങ്ങിയത്. കെ. മുരളീധരനെ പുറത്താക്കിയതടക്കമുള്ള നടപടികൾക്കെതിരെ 'ലീഡർക്കൊപ്പം' എന്ന മുദ്രാവാക്യവുമായി പ്രവർത്തകർ നിലയുറപ്പിച്ചു.
ഈ ജനപിന്തുണയുടെ ബലത്തിലാണ് കരുണാകരൻ കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) രൂപീകരിച്ചത്.
സതീശൻ തരംഗം: ചരിത്രം ആവർത്തിക്കുമോ?
ഇന്ന് വി.ഡി. സതീശനായി ഉയരുന്ന ശബ്ദങ്ങൾ വി.എസ് അച്യുതാനന്ദൻ നേരിട്ട അതേ സാഹചര്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്. വിഎസിനെ മത്സരിപ്പിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യമെങ്കിൽ ഇന്നത് വിഡിഎസിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് എന്നു മാത്രം. ഗ്രൂപ്പ് സമവാക്യങ്ങൾക്കും ഹൈക്കമാൻഡ് താൽപ്പര്യങ്ങൾക്കും അപ്പുറം, ജനകീയനായ ഒരു നേതാവിനെ ഭരണതലപ്പത്ത് കാണാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം കോൺഗ്രസിനൊപ്പമുണ്ട്.
കേരളത്തെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുന്ന സതീശൻ അനുകൂല തരംഗം ഇപ്പോൾ മുതിർന്ന നേതാക്കളെ പോലും ഇരുത്തി ചിന്തിപ്പിക്കുന്നു. "പട നയിച്ചവൻ തന്നെ ഭരിക്കണം" എന്ന വികാരം കേരളത്തിൻറെ ഏക സ്വരമായി പരിണമിച്ചെങ്കിൽ, അത് സതീശന്റെ വ്യക്തിപ്രഭാവത്തിനുള്ള അംഗീകാരമാണ്. ഹൈക്കമാൻഡ് ഈ ജനവികാരത്തെ മാനിക്കുമോ അതോ പതിവ് ഗ്രൂപ്പ് താല്പര്യങ്ങൾക്ക് വഴങ്ങുമോ എന്നതാണ് വരും ദിവസങ്ങളിൽ കേരളം ഉറ്റുനോക്കുന്നത്.
English Summary: Congress cadre take to street, demanding choice of VD Satheeshan as Kerala CM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates