

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നുവെന്നും സതീശന്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കണ്‍സഷനെയര്‍ എഗ്രിമെന്റിന്റെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറ്റം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് 01-07-2026 ന് അങ്ങ് ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയില്‍ പ്രസ്തുത സ്ഥാപനം ഓഹരി കൈമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. അന്നേ ദിവസം വൈകുന്നേരമാണ് സര്‍ക്കാരിന് അദാനി ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ കത്ത് ലഭിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതുമാണ്. 03-07-2026 ന് അദാനി കമ്പനി മറ്റൊരു കത്ത് സര്‍ക്കാരിന് നല്‍കി. ഇക്കാര്യം 08-07-2026ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയില്‍ വന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.
അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ് എം.എസ്.സി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിക്കുന്നത്. അങ്ങ് കത്തില്‍ പറഞ്ഞ വസ്തുവിരുദ്ധമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ; ഈ കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ല.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കണ്‍സഷനെയര്‍ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിഷ്‌ക്കര്‍ഷിച്ചിരികുന്നത്. പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും അനുമതികള്‍ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങള്‍ ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണ്.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാന്‍.
അങ്ങ് നേതൃത്വം നല്‍കിയിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എം.എസ്.സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നില്ലേ? അപ്പോള്‍ അന്നു മുതല്‍ക്കെ ഓഹരി കൈമാറ്റത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതേണ്ടി വരില്ലേ? എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സി.പി.എം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവല്ലേ? അതിനും മുന്‍പ് ജൂണ്‍ 5-ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത 'വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെര്‍മിനല്‍' എന്നാണ്. 49 ശതമാനം ഓഹരിയാണ് എം.എസ്.സി ലക്ഷ്യമിടുന്നതെന്നും അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എം.എസ്.സി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാര്‍ത്തയിലുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സി.പി.എമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ?.
ഇത്രയും യാഥാര്‍ത്ഥ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അങ്ങയുടെ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും തയാറാകുമോ?
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്ന് ഈ വാര്‍ത്ത നിരന്തരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ ചോദിച്ചു. അതേ ചോദ്യം പ്രതിപക്ഷ നേതാവായ അങ്ങയോടും ഞാന്‍ ചോദിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്ന് അങ്ങ് പറയണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates