

മുതിര്‍ന്ന തെലുങ്ക് നടനും സംവിധായകനും നിര്‍മാതാവുമായ ഗിരി ബാബു അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദ് കൊണ്ടാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവന്‍ കല്യാണ്‍, നടന്‍ ചിരഞ്ജീവി, സംവിധായകന്‍ അനില്‍ രവിപുഡി, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 600-ലധികം ചിത്രങ്ങളില്‍ ഗിരി ബാബു അഭിനയിച്ചിട്ടുണ്ട്. വില്ലനായും ഹാസ്യതാരമായും സഹനടനായുമെല്ലാം സ്‌ക്രീനില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അഭിനയത്തിന് പുറമെ സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായി.
ഗിരിബാബുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടന്‍ ചിരഞ്ജീവി എക്‌സില്‍ കുറിച്ചു. 'വ്യത്യസ്തമായ അഭിനയത്തിലൂടെയും തനതായ ശൈലിയിലൂടെയും നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ നിരവധി ചിത്രങ്ങളിലൂടെ ഗിരിബാബു തെലുങ്ക് ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം തെലുങ്ക് ചലച്ചിത്ര വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,' ചിരംഞ്ജീവി കുറിച്ചു.
ചെറുപ്പത്തില്‍ തന്നെ നാടകങ്ങളിലും അഭിനയത്തിലും താത്പര്യം കാണിച്ചിരുന്ന അദ്ദേഹം 1973-ല്‍ 'ജഗമേ മായ' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തില്‍ നായകവേഷങ്ങള്‍ ചെയ്ത അദ്ദേഹം പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ജനപ്രീതി നേടി. 1977-ല്‍ പുറത്തിറങ്ങിയ പുരാണ ചിത്രമായ 'കുരുക്ഷേത്ര'യിലെ ദുശ്ശാസന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ജ്യോതി', 'പസിവാടി പ്രാണം', 'ഹലോ ബ്രദര്‍', 'സിസിന്ദ്രി', 'ലിറ്റില്‍ സോള്‍ജിയേഴ്സ്', 'നിന്നേ പെള്ളാഡത്ത' എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 'ഗമ്യം', 'ഗീത ഗോവിന്ദം', 'ജാതി രത്നാലു', 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പുതുതലമുറ താരങ്ങള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു. 'രണരംഗം', 'ഇന്ദ്രജിത്ത്', 'നീ സുഖമേ നേ കോരുതുന്ന' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 'ദേവതലാറ ദീവിഞ്ചണ്ടി', 'മെരുപു ദാഡി' എന്നീ ചിത്രങ്ങളുടെ നിര്‍മാണത്തിലും പങ്കാളിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates