

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പരസ്പര വിരുദ്ധം. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ പത്രിക നല്‍കിയ വിജയ്, രണ്ട് സ്ഥലങ്ങളിലും വ്യത്യസ്തമായ വിവരങ്ങളാണ് സമര്‍പ്പിച്ചത്. അയോഗ്യത ഭീഷണി ഉയര്‍ന്നതോടെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശനിയാഴ്ച തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് താരം തടിയൂരിയത്. പെരമ്പൂരില്‍ തിങ്കളാഴ്ച നല്‍കിയ ആദ്യ പത്രികയില്‍ തനിക്കെതിരെ ക്രിമിനല്‍ കേസുകളില്ലെന്നാണ് വിജയ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളിയില്‍ പത്രിക നല്‍കിയപ്പോള്‍ തനിക്കെതിരെ രണ്ട് കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പെരമ്പൂര്‍ റാലിക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും 2025 ല്‍ മധുരയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിനിടെ അനുയായിയെ ബൗണ്‍സര്‍മാര്‍ മര്‍ദ്ദിച്ചതിനുമാണ് വിജയ്ക്കെതിരെ കേസുകളുള്ളത്. കേസുകളുടെ കാര്യത്തില്‍ മാത്രമല്ല, പ്രായത്തിന്റെ കാര്യത്തിലും പൊരുത്തക്കേടുണ്ട്. പെരമ്പൂരിലെ രേഖകളില്‍ 52 വയസ്സെന്ന് നല്‍കിയപ്പോള്‍ തിരുച്ചിറപ്പള്ളിയില്‍ ഇത് 51 എന്നാണ് രേഖപ്പെടുത്തിയത്. വിവരം വിവാദമായതോടെ, 2025-ലെ കേസിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും പിന്നീട് വിവരം ലഭിച്ചപ്പോള്‍ തിരുച്ചിറപ്പള്ളിയില്‍ അത് ഉള്‍പ്പെടുത്തിയെന്നുമാണ് വിജയ് നല്‍കുന്ന വിശദീകരണം.
അതിനിടെ ലാല്‍ഗുഡിയിലെ ടിവികെ സ്ഥാനാര്‍ത്ഥി ആദവ് അര്‍ജുനയുടെ ബന്ധുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ആദായനികുതി ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് സ്‌ക്വാഡും ചേര്‍ന്നാണ് പണം കണ്ടെടുത്തത്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കരുതിയ പണമാണിതെന്ന് ആരോപണമുണ്ട്. വോട്ടിന് പണം നല്‍കുന്നതിനെതിരെ വേദിയില്‍ പ്രസംഗിക്കുന്ന വിജയ്യുടെ പാര്‍ട്ടിക്കാര്‍ തന്നെ പണം ഒഴുക്കുന്നത് വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് ഡിഎംകെയും എഐഎഡിഎംകെയും. ഡിഎംകെയുടെ ഇണിഗോ ഇരുദയരാജിനെതിരെ തിരുച്ചിറപ്പള്ളി ഈസ്റ്റിലും ആര്‍ ഡി ശേഖറിനെതിരെ പെരമ്പൂരിലുമാണ് വിജയ് മത്സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates