

തിരുവന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളില്‍ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളില്‍ നടപടി എടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.
അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.
അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം(19), മദ്യവിതരണം(52), സമ്മാനങ്ങള്‍ നല്‍കല്‍(36), ആയുധപ്രദര്‍ശനം(150), വിദ്വേഷപ്രസംഗം(39), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍(23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 3083 പരാതികള്‍ തള്ളി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കും.
ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും സി വിജില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകള്‍, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ വഴി പരാതിപ്പെടാം. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്ട്‌സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോണ്‍കാമറ വഴി എടുത്ത ചിത്രങ്ങള്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates