

കൊല്ലം: ഷാര്‍ജയില്‍ വിപഞ്ചികയും പിഞ്ചു കുഞ്ഞും മരിച്ച സംഭവത്തില്‍ മകള്‍ക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ. ഭര്‍തൃവീട്ടില്‍ മകള്‍ കൊടിയ പീഡനമാണ് നേരിട്ടത്. വീട്ടില്‍ ഒന്നും അറിയിക്കാതെ മകള്‍ നിശബ്ദമായി എല്ലാം സഹിക്കുകയായിരുന്നു. മകളുടെ ഭര്‍ത്താവ് നിതീഷ് നയിച്ചത് ആഡംബര ജീവിതമാണ്. ജോലി ചെയ്ത സ്ഥാപനത്തെ പോലും നിതീഷ് വഞ്ചിച്ചു. ഇക്കാര്യം കമ്പനിയെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ മകളെ നിതീഷ് ഭീഷണിപ്പെടുത്തി. മകളുടെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ ഓര്‍ത്ത് എല്ലാം സഹിക്കാന്‍ മകള്‍ തയ്യാറായി. മകളുടെ മരണത്തില്‍ ദുരൂഹതകളേറെയുണ്ട്. മകളുടെ മരണം കേന്ദ്ര ഏജന്‍സി ഇടപെട്ട് അന്വേഷിക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
'അവളെ കൊന്നുകളഞ്ഞില്ലേ മക്കളെ. അവള്‍ക്ക് പ്രതികരണ ശേഷി ഉണ്ടായിരുന്നുവെങ്കില്‍ പ്രതികരിക്കുമായിരുന്നില്ലേ. അവള്‍ അത്ര പഞ്ച പാവമാണ്. എന്നെ ഒന്നും അറിയിക്കേണ്ട എന്ന് കരുതി എല്ലാം ഒളിപ്പിച്ചുവെച്ചു. ഇത്രയും സഹിക്കുന്ന മകളാണ് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അവനെ നാട്ടില്‍ എത്തിക്കണം. അന്വേഷിച്ച് അവനെയും അവന്റെ പെങ്ങളെയും അച്ഛനെയും നാട്ടില്‍ എത്തിക്കണം. തക്കതായ ശിക്ഷ നല്‍കണം. അരുമ കുഞ്ഞുമായി മകള്‍ മരിക്കണമെങ്കില്‍ അവന്‍ അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട്. അവന്‍ കുഞ്ഞിനെ പോലും നോക്കില്ല. കുഞ്ഞ് കരഞ്ഞാല്‍ പോലും നോക്കില്ല. ഇങ്ങനെയാണോ ഒരു അച്ഛന്‍ ചെയ്യേണ്ടത്. എന്റെ മകളെ ഈ അവസ്ഥയില്‍ ആക്കിയവരെ വെറുതെ വിടരുത്. അങ്ങേയറ്റം വരെ പോകണം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് അവനും അവന്റെ പെങ്ങള്‍ക്കും അച്ഛനും ശിക്ഷ മേടിച്ചുകൊടുക്കണം.'- ശൈലജ പറഞ്ഞു.
'അവന്‍ മകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അത് എനിക്ക് അറിയാം. അവന് നാലഞ്ചു ലക്ഷം രൂപ ശമ്പളം ഉണ്ട്. എന്റെ മകളുടെ ശമ്പളവും എടുത്തും ജീവിച്ചിട്ടും അവന് തികയുന്നില്ല. അവന്‍ കമ്പനിയുടെ ഷെയര്‍ മറിച്ചുവിറ്റു. പ്രണവ് എന്ന് പറയുന്ന ഒരുത്തനുമായിട്ട്. അതും തികയാതെ വന്നപ്പോള്‍ എന്റെ മകള്‍ ചോദിച്ചു. ഈ കാശ് എന്തു ചെയ്യുന്നുവെന്ന്? അവന്‍ പറഞ്ഞില്ല. ഇത്രയും കിട്ടിയിട്ടും തികഞ്ഞില്ലെങ്കില്‍ ഇനിയും കമ്പനിയെ വഞ്ചിക്കുന്നത് അറിഞ്ഞാല്‍ കമ്പനിക്ക് പരാതി നല്‍കുമെന്ന് മകള്‍ പറഞ്ഞു. നീ കമ്പനിക്ക് പരാതിപ്പെട്ടാല്‍ എന്റെ ജോലി പോകും. നിന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്. മകള്‍ ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ രക്ഷിച്ചേനെ. വിവാഹം കഴിച്ച അന്നുതൊട്ടെ മകളെ അവന്‍ ഉപദ്രവിച്ചു. എല്ലാം അവള്‍ ഉള്ളില്‍ ഒതുക്കി. മകള്‍ അവനെ സ്‌നേഹിച്ചിട്ടേയുള്ളൂ. മകള്‍ക്ക് ഒരു വാശിയെ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തരുത്. അച്ഛനും അമ്മയും ചേര്‍ന്ന് വളര്‍ത്തണം. അതിന് വേണ്ടി മകള്‍ എന്തു ത്യാഗം സഹിക്കാനും തയ്യാറായിരുന്നു. അവന് അഫയര്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും മകള്‍ ക്ഷമിക്കാന്‍ തയ്യാറായി. എങ്കിലും എന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജീവിക്കാന്‍ മനസില്ല എന്ന് അവള്‍ പറഞ്ഞു. എന്നിട്ടും അവന്‍ ചെയ്തു.'- വിപഞ്ചികയുടെ അമ്മ വിതുമ്പി.
അതിനിടെ, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊല്ലം സ്വദേശി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്. താന്‍ നേരിട്ട പീഡനങ്ങളും അപമാനവും വിവരിക്കുന്നതാണ് വിപഞ്ചികയുടെ കുറിപ്പ്. ഫെയ്‌സ്ബുക്കില്‍ ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് വിവരം.മടുത്തു എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
വിപഞ്ചികയുടെ ആത്മഹത്യകുറിപ്പ് പുറത്ത്
തനിക്ക് നേരിട്ട ക്രൂരതകള്‍ വിപഞ്ചിക സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യകുറിപ്പില്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്നും ഭര്‍ത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം യുവതിക്കുണ്ടായതായും ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് ഉപയോഗിച്ചു കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യകുറിപ്പില്‍ പറയുന്നു.
കൊലയാളിയെ വെറുതെ വിടരുത്
ഒരിക്കലും ഈ കൊലയാളിയെ വെറുതെ വിടരുത് എന്ന് പറഞ്ഞു കൊണ്ടാണ് ആത്ഹത്യ കുറിപ്പ് ആരംഭിക്കുന്നത്.
'മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. തന്റെ മരണത്തില്‍ ഭര്‍ത്താവ് നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍ ആണ് രണ്ടാം പ്രതി.' എന്ന് വിപഞ്ചിക എഴുതിയ കുറിപ്പില്‍ പറയുന്നു.
'കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്ന് നിതീഷിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കും കൂടി വേണ്ടിയാണു ഞാന്‍ നിന്നെ വിവാഹം ചെയ്തത് എന്നായിരുന്നു മറുപടി'' എന്നും കത്തില്‍ യുവതി പറയുന്നു.
ഭര്‍തൃസഹോദരി നീതു പ്രശ്‌നക്കാരി
ഭര്‍തൃസഹോദരി നീതു ആയിരുന്നു ഇരുവരുടെയും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത് എന്ന് കത്തില്‍ ആരോപിക്കുന്നു. 'ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിനെക്കൊണ്ട് എന്നെ തല്ലിച്ചു. എന്നെ ഹോസ്റ്റലില്‍ താമസിപ്പിക്കണമെന്നും, വീട്ടില്‍ നിന്നും ഇറക്കി വിടണമെന്നും നീതു മെസ്സേജ് അയച്ചിരിക്കുന്നത് ഞാന്‍ കണ്ടു. തുടക്കത്തില്‍ അച്ഛനും ഭര്‍തൃസഹോദരി നീതുവും പറയുന്നത് കേട്ട് നിതീഷ് എന്നെ തല്ലുമായിരുന്നു. ഒരിക്കല്‍ നീതുവിന്റെ വാക്ക് കേട്ട് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന് ഷവര്‍മ്മ എന്റെ വായില്‍ കുത്തിക്കയറ്റി. എന്റെ കൊങ്ങയില്‍ (തൊണ്ട) യില്‍ പിടിച്ചു നിലത്തു കിടന്ന പൊടി ഉള്‍പ്പെടെ വീണ്ടും വീണ്ടും കുത്തി കയറ്റി. ഗര്‍ഭിണി ആയിരുന്നപ്പോള്‍ അവള്‍ക്കു വേണ്ടി എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല'' എന്നും യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു
നിതീഷിന് നിരവധി സ്ത്രീകളുമായി ബന്ധം
''നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട്. ഈ ബന്ധം കണ്ടെത്തിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തന്നെ ശാരീരികമായ ഉപദ്രവിച്ച ശേഷം അബദ്ധം പറ്റിയതാണെന്ന് പറയും. അയാള്‍ മറ്റു സ്ത്രീകള്‍ക്ക് പണമയച്ചു നല്‍കുകയും അവരുമായി മെസ്സേജ് അയക്കുന്നതും താന്‍ കണ്ടു പിടിച്ചിട്ടുണ്ട്. മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം എന്റെ കുഞ്ഞിന് ഓര്‍ത്ത് ഞാന്‍ അതൊക്കെ ക്ഷമിച്ചു. പക്ഷേ, നിതീഷ് വീട്ടില്‍ വരാറില്ലായിരുന്നു. എന്റെ ലോക്കറിന്റെ താക്കോല്‍ ഭര്‍ത്താവിന്റെ അച്ഛന്റെ കയ്യില്‍ നിന്ന് വാങ്ങിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതിന്റെ പേരില്‍ അയാള്‍ പട്ടിയെ പോലെ എന്നെ തല്ലി,ആഹാരം തരില്ല,നാട്ടില്‍ കൊണ്ടുപോകില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി'' എന്നും വിപഞ്ചിക കത്തില്‍ പറയുന്നു.
അയാള്‍ വൈകൃതമുള്ള മനുഷ്യനാണ്
'' ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ് . കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല''എന്നും യുവതി കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്
എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല
''എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല, എന്റെ കൈയ്യിലുള്അ ഒരു മാലയ്ക്ക് വേണ്ടി എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരുപാട് പണമുള്ള ആളുകളാണ് എന്നിട്ടും എന്റെ ചെറിയ സാലറി അവര്‍ക്ക് വേണമെന്ന വാശിയാണ്. എല്ലാം മകള്‍ക്ക് വേണ്ടി സഹിച്ചു. സ്വന്തം ബെഡ് റൂമിലെ കാര്യം വരെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോട് പറഞ്ഞത് ഒട്ടും സഹിക്കാനായില്ല. എല്ലാവര്‍ക്കും എല്ലാം അറിയാം. ഈ ലോകം ക്യാഷ് ഉള്ളവരുടേതാണ്. ഉപദ്രവിച്ച ശേഷം കുഞ്ഞിനെ ഇല്ലാതാക്കും എന്ന ഭീഷണിപ്പെടുത്തുമായിരുന്നു'' എന്നും ആത്മഹത്യകുറിപ്പിലുണ്ട്
എല്ലാം മടുത്തു...
''പറഞ്ഞറിയിക്കാന്‍പറ്റാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ട് പോലും അയാള്‍ ഇവിടെ ഇല്ല. എന്നെ മാനസിക രോഗിയാക്കാനാണ് അയാളുടെ ശ്രമം. എന്റെ ഓഫിസില്‍ ഉള്ള എല്ലാവര്‍ക്കും കാര്യങ്ങള്‍ അറിയാം അവരെ വെറുതെ വിടരുത്''. മടുത്തു എന്ന് പറഞ്ഞാണ് വിപഞ്ചിക കത്ത് അവസാനിപ്പിക്കുന്നത്.
നോട്ട് ബുക്കിലെഴുതിയ ആറ് പേജുകളില്‍ ഉള്ള ദീര്‍ഘമായ കത്ത് ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കളുടെ സംശയം. വിപഞ്ചികയുടെ കുഞ്ഞിന്റെയും മൃതദേഹം ഷാര്‍ജയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
