

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന്റെയും കുടുംബത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തെന്നാരോപിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, സംഭവം നേരില്‍ കണ്ട ദൃക്സാക്ഷിയുടെ വിശദീകരണം ഇങ്ങനെ. ജനം ടിവി പ്രാദേശിക ലേഖകന്‍ രാജുവിനെ ഒരു സംഘം ആളുകള്‍ കയ്യേറ്റം ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ സംഭവം നേരില്‍ കണ്ട ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗുരുവായൂര്‍ റിപ്പോര്‍ട്ടര്‍ എം.കെ. സജീവ്കുമാര്‍ പറയുന്നത് ഇങ്ങനെ; 'ക്ഷേത്രദര്‍ശനം കഴിഞ്ഞ് വിവേക് കിരണ്‍ വിജയനും കുടുംബവും ശ്രീ വത്സം ഗസ്റ്റ് ഹൗസിന് സമീപത്തുളള കേശവന്‍ പ്രതിമയ്ക്ക് അടുത്ത് നിന്നുകൊണ്ട് കുടുംബചിത്രങ്ങള്‍ എടുക്കുകയായിരുന്നു. ഈ സമയം ജനം ടിവി ലേഖകന്‍ രാജു അവരുടെ ദൃശ്യങ്ങളും വീഡിയോയും പകര്‍ത്തുകയായിരുന്നു'
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവേക് കിരണ്‍ വിജയന്റെ ഭാര്യ രാജുവിനോട്, തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും സജീവ്കുമാര്‍ പറയുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ രാജുവിനോട് ഫോണിലുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിശദീകരണം. ഇതിനിടെ രാജു നടപ്പുര ഭാഗത്തേക്ക് നീങ്ങിയതോടെ ഡ്രൈവര്‍ പിന്നാലെ പോയി ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്നും പറയുന്നു. അതേസമയം, സംഘത്തോടൊപ്പമുണ്ടായിരുന്ന ദേവസ്വം ജീവനക്കാരന്‍ സുമേഷ് ഗണപതി ക്ഷേത്രത്തിന് സമീപം നാളികേരം വാങ്ങിയതിന്റെ പണം നല്‍കുന്നതിനായി നില്‍ക്കുകയായിരുന്നുവെന്നും വിവരിക്കുന്നു.
അവിടെക്ക് എത്തിയ രാജുവിനോടും ഡ്രൈവറോടും അഡ്മിനിസ്ട്രേറ്ററോടും സുമേഷ്, കുടുംബത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് സജീവ്കുമാര്‍ പറയുന്നത്. എന്നാല്‍ ഈ സമയത്ത് രാജു ആക്രോശിക്കുകയും ''നിങ്ങള്‍ ഗുണ്ടകളാണ്'' എന്ന് പറയുകയുണ്ടായെന്നും അദ്ദേഹം പറയുന്നു. അതേസമയം, റിപ്പോര്‍ട്ടറെ പിന്‍കഴുത്തില്‍ പിടിച്ചുവലിക്കുകയോ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ബലമായി വലിച്ചിഴക്കുകയോ ചെയ്തിട്ടില്ലെന്നും, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സുമേഷിനെയാണ് തള്ളിമാറ്റിയതായാണ് താന്‍ കണ്ടതെന്നും സജീവ്കുമാര്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates