

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതായും ട്രയല്‍ ഓപ്പറേഷന്‍ 12ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യത്തെ കണ്ടെയ്‌നര്‍ കപ്പല്‍ 'സാന്‍ ഫെര്‍ണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.
അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷന്‍, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡില്‍ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ജൂലൈ 11ന് വിഴിഞ്ഞത്ത് എത്തിച്ചേരും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതല്‍ 9000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പല്‍ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ട്രയല്‍ ഓപ്പറേഷന്‍ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയല്‍ പ്രവര്‍ത്തനം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 400 മീറ്റര്‍ നീളമുള്ള വലിയ കണ്ടെയ്‌നര്‍ കപ്പല്‍ തുറമുഖത്തേക്ക് എത്തും. തുടര്‍ന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും. വലിയകപ്പലുകള്‍ തുറമുഖത്ത് കണ്ടയര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്‌മെന്റ് പൂര്‍ണതോതില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റര്‍ പുലിമുട്ട്, 800 മീറ്റര്‍ കണ്ടെയ്‌നര്‍ ബര്‍ത്ത്, 600 മീറ്റര്‍ അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. സംരക്ഷണ ഭിത്തി നിര്‍മാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികള്‍ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവര്‍ത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളില്‍ 31 എണ്ണവും പ്രവര്‍ത്തന സജ്ജമായി. നാല് ടഗ്ഗുകള്‍ കമ്മീഷന്‍ ചെയ്തു. പൈലറ്റ് കം പട്രോള്‍ ബോട്ട്, നാവിഗേഷന്‍ എയ്ഡ്, പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്, 220 കെ വി സബ് സ്‌റ്റേഷന്‍, 33 കെ വി പോര്‍ട്ട് സബ് സ്‌റ്റേഷന്‍, ചുറ്റുമതില്‍, കണ്ടെയ്‌നര്‍ ബാക്കപ്പ് യാര്‍ഡ് എന്നിവയും പ്രവര്‍ത്തന സജ്ജമായി.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം വിന്‍സെന്റ് എംഎല്‍എ, അദാനി പോര്‍ട്ട് സി ഇ ഒ കരണ്‍ അദാനി, വിശിഷ്ടവ്യക്തികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ട്രയല്‍ റണ്‍ എന്തിന്
വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന കൃത്യതയും പ്രവര്‍ത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെല്‍ ടൈംസ്, വെസല്‍ ടേണ്‍റൗണ്ട്, ബെര്‍ത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിള്‍ സര്‍വീസ് ടൈം, ഷിപ്പ് ഹാന്‍ഡ്‌ലിംഗ് പ്രൊഡക്ടിവിറ്റി, ക്രെയിന്‍ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളില്‍ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രധാന പ്രവര്‍ത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകള്‍ ഘടിപ്പിച്ച ബാര്‍ജുകള്‍ മതിയാകില്ല. യഥാര്‍ത്ഥ കണ്ടെയ്‌നറുകള്‍ (ചരക്കുകള്‍ നിറച്ച കണ്ടെയ്‌നര്‍) വിന്യസിക്കുന്ന ട്രയല്‍ റണ്‍ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയല്‍ റണ്‍ നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates