

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, സിപിഐ, ബിജെപി തുടങ്ങിയ പാര്‍ട്ടികളാണ് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കും.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 25 വരെയാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. സമയപരിധി 15 ദിവസമെങ്കിലും നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം കൂടി സമയം അനുവദിക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 31 വരെ നീട്ടണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗതി വരുത്താനും ലഭിച്ചത് വളരെ കുറഞ്ഞ സമയം മാത്രമാണ്. ഡീലിമിറ്റേഷന്‍ പ്രക്രിയയിലെ അപാകതകള്‍ കാരണം ബൂത്തുകള്‍ മാറിപ്പോയതിനാല്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പലരുടെയും വോട്ട് രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കപ്പുറത്താണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുമൂലം, തങ്ങളുടെ വോട്ട് പട്ടികയില്‍ ഉണ്ടോ എന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രശ്‌നങ്ങളാണ് കരട് വോട്ടര്‍ പട്ടികയില്‍ നിലവിലുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഒരു അക്കൗണ്ടിൽ നിന്ന് 10 പേരുടെ പേര് മാത്രമേ ചേർക്കാൻ കഴിയൂ എന്ന പരിമിതിയും, വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചില്ലെങ്കിൽ ജനാധിപത്യ പ്രക്രിയ സുതാര്യമായി നടപ്പാക്കാൻ കഴിയില്ല. ചിലരുടെ പേര് ഒന്നിൽ കൂടുതൽ ഇടങ്ങളിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതുൾപ്പെടെയുള്ള, പ്രശ്നങ്ങൾ കണ്ടെത്തി കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടിക തയ്യാറാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ സൂചിപ്പിക്കുന്നു.
2025 ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, ഓഗസ്റ്റ് ഏഴ് വരെ 15 ദിവസം മാത്രമാണ് പേര് ചേർക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓൺലൈൻ വഴിയുള്ള പേര് ചേർക്കൽ, തിരുത്തൽ, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് പേര് മാറ്റൽ തുടങ്ങിയ പ്രക്രിയകൾക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാറുകൾ മൂലം തടസ്സം നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത നിരവധി പേരുടെ പേര് നിലവിലെ പട്ടികയിൽ നിന്ന് വിട്ടുപോയ സാഹചര്യവും നിലനിൽക്കുന്നു. ഇതെല്ലാം പരിഗണിച്ച്, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിനൽകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates