'ഈ പോരാട്ട ചരിത്രവും നിലപാടുകളും കേവലമൊരു ഓര്‍മ്മയായി ചുരുങ്ങേണ്ടതല്ല'; വരുന്നൂ, വിഎസ് പഠന-ഗവേഷണ ക്യാംപസ്

അച്ഛനെ സ്നേഹിക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങളുടെയും ഫൗണ്ടേഷന്റെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി
VS Achuthanandan
VS AchuthanandanBP DEEPU-TVM
Author:
Updated on: 
1 min read

ആലപ്പുഴ: വരുംതലമുറയ്ക്ക് ആഴത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും കഴിയുന്ന തരത്തില്‍, വിഎസ് അച്യുതാനന്ദന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരു പഠന-ഗവേഷണ ക്യാംപസ് നിര്‍മിക്കുമെന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍. 'അത് ഞങ്ങളുടെ വലിയൊരു സ്വപ്‌നമാണ് അച്ഛന്റെ ഈ പോരാട്ട ചരിത്രവും നിലപാടുകളും കേവലമൊരു ഓര്‍മ്മയായി ചുരുങ്ങേണ്ടതല്ല'- വിഎ അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്ക് ഫൗണ്ടേഷന്‍ കടക്കുകയാണെന്ന സന്തോഷം കൂടി ഈ അവസരത്തില്‍ പങ്കുവെക്കുകയാണെന്ന് അരുണ്‍കുമാറിന്റെ കുറിപ്പില്‍ പറയുന്നു.

അരുണ്‍കുമാറിന്റെ കുറിപ്പ്

പ്രിയപ്പെട്ടവരേ,

സഖാവ് വി.എസിന്റെ ജന്മദിനത്തിൽ ഇന്നലെ ആലപ്പുഴയിലെ 'വേലിക്കകത്ത്' വീട്ടിൽ നടന്ന ഒത്തുചേരൽ സ്നേഹനിർഭരമായ ഒരുപാട് ഓർമ്മകളുടെ പങ്കുവെക്കലായി മാറി. അതിരാവിലെ മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അച്ഛനെ സ്നേഹിക്കുന്ന നിരവധി പേരാണ് വീട്ടിലെത്തുകയും പുഷ്പാർച്ചനയിൽ പങ്കെടുക്കുകയും ചെയ്തത്. നേരിട്ട് വരാൻ കഴിയാതിരുന്ന നിരവധി പേർ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും അച്ഛന്റെ ഓർമ്മകൾ പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ വലിയ സ്നേഹത്തിന് മുന്നിൽ കുടുംബത്തിന്റെ വാക്കുകൾക്കതീതമായ നന്ദി രേഖപ്പെടുത്തുന്നു.

മുതിർന്ന നേതാവ് ശ്രീ. വി.എം. സുധീരൻ, സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി ശ്രീ. പന്ന്യൻ രവീന്ദ്രൻ, മന്ത്രി ശ്രീ. എം. ലിജു, സി.പി.ഐ (എം) സി. സി അംഗം സുജാതചേച്ചി, ജില്ലാ സെക്രട്ടറി സഖാവ് ആർ. നാസർ, പ്രിയപ്പെട്ട സഖാവ് ടി. ശശിധരൻ, മുൻ എം.പി ശ്രീ. എ.എം. ആരിഫ്, മുൻ എം.എൽ.എ ശ്രീ. എച്ച്. സലാം, വിപ്ലവഗായിക പി.കെ. മേദിനിയമ്മ, പ്രിയ ഗായകൻ അലോഷി , ശ്രീ.സജേഷ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ ഒത്തുചേരലിൽ സാന്നിധ്യമറിയിച്ചു. ഓരോരുത്തരും പങ്കുവെച്ച സ്മരണകൾ അച്ഛൻ എന്ന വലിയ മനുഷ്യൻ കേരളീയ സമൂഹത്തിൽ എത്രത്തോളം ആഴത്തിലാണ് വേരുറപ്പിച്ചിട്ടുള്ളത് എന്ന് വീണ്ടും ബോധ്യപ്പെടുത്തിത്തന്നു.

അച്ഛന്റെ ഈ പോരാട്ട ചരിത്രവും നിലപാടുകളും കേവലമൊരു ഓർമ്മയായി ചുരുങ്ങേണ്ടതല്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. വരുംതലമുറയ്ക്ക് അത് ആഴത്തിൽ പഠിക്കാനും ഗവേഷണം നടത്താനും കഴിയുന്ന തരത്തിൽ, 'വി.എസ്. അച്യുതാനന്ദൻ ഫൗണ്ടേഷന്റെ' ആഭിമുഖ്യത്തിൽ വിപുലമായ ഒരു പഠന-ഗവേഷണ ക്യാമ്പസ് നിർമ്മിക്കുക എന്നത് ഞങ്ങളുടെ വലിയൊരു സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് ഫൗണ്ടേഷൻ കടക്കുകയാണെന്ന സന്തോഷം കൂടി ഈ അവസരത്തിൽ പങ്കുവെക്കട്ടെ.

ഒരിക്കൽ കൂടി, അച്ഛനെ സ്നേഹിക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങളുടെയും ഫൗണ്ടേഷന്റെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി.

Summary

VS Achuthanandan Foundation to build research campus for future generations: VA Arun Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com