

തൃശൂര്‍: വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന വൈശാഖിനെതിരെ വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
വൈശാഖ് യാതൊരു യോഗ്യതയുമില്ലാത്തയാളാണെന്നും ലക്ഷങ്ങള്‍ നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സ്ഥാനങ്ങള്‍ വാങ്ങിയതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിക്ക് അകത്തുള്ളതോ പുറത്തുള്ളതോ ആയ ഏതെങ്കിലും ഒരു സീനിയര്‍ നേതാവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് വടക്കാഞ്ചേരിയിലെ യുഡിഎഫ് നേതൃത്വം പറയുന്നത്.
വൈശാഖിനെ സ്ഥാനാര്‍ത്ഥിയായി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ വടക്കാഞ്ചേരിയിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും ഒപ്പിട്ട പരാതി എഐസിസിക്കും കെപിസിസിക്കും നല്‍കിയിട്ടുണ്ട്. കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. അജിത്കുമാര്‍, ജിജോ കുര്യന്‍, പി.ജെ രാജു, ഷാഹിദ റഹ്മാന്‍, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എന്‍.എ സാബു, വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജി ജയദീപ്, യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ഒ. ശ്രീകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി. എച്ച് ഹരീഷ്, ജെയ്‌സന്‍ മാത്യു, ഹരി നമ്പലാട്ട്, എ.എന്‍ ശശിധരന്‍, കെ.ജി സതീശന്‍, പോള്‍സണ്‍ പറപ്പൂര്‍, എ.എം ജെയ്‌സന്‍ മാസ്റ്റര്‍, ടി.പി ഗിരീഷ് ഉള്‍പ്പെടെ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളും മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളും ഗ്രാമ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും പോഷക സംഘടന നേതാക്കളും ഉള്‍പ്പെടെ 91 പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates