

തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അനുശോചന കുറിപ്പില്‍ പറഞ്ഞു.
'ഒന്‍പത് മരണം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്‌കൂളില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സാ സഹായം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ പങ്കു ചേരുന്നു.അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.' മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.
അപകടം അതീവ ദുഃഖകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റര്‍ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയുള്ള നിയമം നിലനില്‍ക്കെ ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാന്‍ സാധിച്ചത്? മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കണം. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ ശക്തമാക്കുന്ന രീതിയില്‍ നിന്നും മാറി നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം -അദ്ദേഹം പറഞ്ഞു.
അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയര്‍ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകള്‍ നിരത്തുകളില്‍ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ നടക്കുന്ന സീസണ്‍ ആയതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സ്‌കൂളുകളും ശ്രദ്ധിക്കണം. മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ പരിശോധനകളും പൂര്‍ത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം -വിഡി സതീശന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്കറ്റ് ബോള്‍ താരവും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates