'10,000 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ട്, ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യം, മരിച്ചശേഷവും കൊടിയ മര്‍ദനം'; നടുക്കുന്ന വെളിപ്പെടുത്തല്‍

ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു.
Ram Narayanan
Ram Narayanan
Updated on
1 min read

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ മരിച്ച ശേഷവും കൊടിയ മര്‍ദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. പതിനായിരം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു.

Ram Narayanan
'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടിവരെ തകര്‍ന്നിട്ടുണ്ട്. വാരിയെല്ലുകള്‍ എല്ലാം തകര്‍ന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറെയും. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ പാടില്ലാതെയില്ല. മരണശേഷവും മര്‍ദിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി രാംനാരായണന്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് അറിയിച്ചെന്നാണ് എഫ്‌ഐആര്‍. എന്നാല്‍ സംഭവസ്ഥലത്തുവച്ച് നാരായണന്‍ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മര്‍ദനം തുടര്‍ന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലില്‍ വ്യക്തമാണ്. ' നീ ബംഗ്ലാദേശിയാണോ' എന്ന് ആക്രോശിച്ചുകൊണ്ട് രാംനാരായണന്റെ മുഖത്ത് മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Ram Narayanan
തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ! (വിഡിയോ)

അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റ ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

ഡോക്ടറുടെ കുറിപ്പ്

പ്രിയരേ, നിങ്ങളുമായി സംവദിച്ചിട്ടു ഒത്തിരി നാളായി .ഇന്ന് എന്റെ മനസ്സിനെ അത്യന്തം വേദനിപ്പിച്ച ഒരു പോസ്റ്റ്മോർട്ടം പരിശോധനയുടെ അനുഭവത്തെക്കുറിച്ച്, ഒരു ഡോക്ടറായും ഒരു മനുഷ്യനായും, പൊതുസമൂഹത്തോട് ചിലത് പറയണം എന്ന് തോന്നി.ജോലി തേടി നമ്മുടെ നാട്ടിലെത്തിയ ഒരു അഥിതി തൊഴിലാളിയെ കൂട്ടമായി നാം തല്ലിക്കൊന്നു.സ്വയം “പ്രബുദ്ധർ” എന്ന് ഉറക്കെ അവകാശപ്പെടുന്ന കേരളീയർ – മലയാളികൾ തന്നെയാണ് ഇത് ചെയ്തത് എന്നത് നമ്മെ കൂടുതൽ ലജ്ജിപ്പിക്കേണ്ട കാര്യമാണ്.ഇതിന്റെ മുമ്പിൽ കേരളസമൂഹം തല താഴ്ത്തണം.ചണ്ഡീഗഡിൽ നിന്ന് പുതുതായി ജോലിക്കെത്തിയ ആ മനുഷ്യൻ,ഗൃഹാതുരത്വം കൊണ്ടും ജീവിതസമ്മർദ്ദങ്ങൾ കൊണ്ടുംമാനസികമായി തളർന്നുപോയ ഒരു സാധുവായിരുന്നു.അവനെ നാം തെരുവിൽ വീണു മരിക്കാൻ വിധിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ,ശരീരത്തിൽ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ല. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും —എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങൾ.അത് ഒരു നിമിഷത്തെ കോപമല്ല,കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിൻറെ പൂർണ്ണ അഭാവവും ആയിരുന്നു.കൂട്ടമർദ്ദനം നടത്തിയവരിൽ ഒരാളെങ്കിലും “ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരാൾ പോലും കൈ ഉയർത്താതിരുന്നെങ്കിൽ,ഇന്ന് ഒരു മനുഷ്യൻ ജീവനോടെ ഉണ്ടാകുമായിരുന്നു . അയാളുടെ കുടുംബത്തോട് കേരളസമൂഹം കടപ്പെട്ടിരിക്കുന്നു .സഹജീവിയെ തല്ലിക്കൊന്ന മനുഷ്യൻ മൃഗത്തേക്കാൾ ഭീകരനാണ്.ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ നമ്മിൽ ആരും പാടില്ല.അത്തരക്കാരെ നിയമത്തിന് വിട്ടുകൊടുക്കുക. സംരക്ഷിക്കരുത്. ന്യായീകരിക്കരുത്. മൗനം പാലിക്കരുത്. ഇനിയും ഇതാവർത്തിക്കാതിരിക്കണമെങ്കിൽ,ഓരോ മലയാളിയും ഉണരണം. മനുഷ്യജീവിതത്തിന്റെ വില നമ്മുടെ വാക്കുകളിലല്ല,നമ്മുടെ പ്രവർത്തികളിലാണ് തെളിയേണ്ടത് പ്രതീക്ഷയോടെ ഹിതേഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com