

തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ മാലിന്യങ്ങൾ നാലായി തരംതിരിച്ചു സംസ്കരിക്കണം. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം (നാപ്കിൻ, ഡയപ്പർ, ടിഷ്യു പേപ്പർ), പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കൽ, രാസവസ്തുക്കൾ പോലുള്ള മാലിന്യങ്ങൾ എന്നിങ്ങനെയാണു തരംതിരിക്കേണ്ടത്.
കേന്ദ്ര സർക്കാരിന്റെ പരിഷ്കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണിത്. ഇവ നടപ്പാക്കാൻ ശുചിത്വമിഷൻ നിർദേശിച്ചു.
ഹോട്ടലുകൾ, വൻകിട സമുച്ചയങ്ങൾ, മാർക്കറ്റുകൾ, ബിസിനസ്- വ്യവസായ സ്ഥാപനങ്ങൾ എന്നിങ്ങനെ വൻതോതിൽ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളെ (ബൾക് വേസ്‌റ്റ് ജനറേറ്റേഴ്സ്) നിശ്ചയിക്കാൻ 3 മാനദണ്ഡങ്ങളും പരിഷ്കരിച്ച ചട്ടത്തിലുണ്ട്. 20,000 ചതുരശ്ര മീറ്ററോ കൂടുതലോ തറ വിസ്തീർണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്ററോ കൂടുതലോ വെള്ളം ഉപയോഗിക്കുന്നവർ, പ്രതിദിനം 100 കിലോഗ്രാമിൽ അധികം ഖരമാലിന്യം തള്ളുന്നവർ എന്നിവയിൽ ഏതെങ്കിലുമൊന്നു ബാധകമാകുന്നവരാണ് ഈ വിഭാഗത്തിൽ. അവർ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മാലിന്യങ്ങൾ അംഗീകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംസ്കരിക്കണം. പുതുതായി തുടങ്ങുന്ന വൻകിട സ്ഥാപനങ്ങൾ നിർബന്ധമായും ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കണം.
ഭക്ഷണാവശിഷ്ടങ്ങൾ, ഡിസ്പോസബിൾ പ്ലേറ്റുകൾ, കപ്പുകൾ, കാനുകൾ, കവറുകൾ, ചിരട്ടകൾ, പച്ചക്കറി പഴ അവശിഷ്ടങ്ങൾ തുടങ്ങിയവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്നറുകൾ തെരുവു കച്ചവടക്കാർ കരുതണം. നൂറിലധികം പേരുള്ള പരിപാടികൾ നടത്തുമ്പോൾ 3 പ്രവൃത്തി ദിനം മുൻപ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം. പുനരുപയോഗിക്കാനോ ഊർജാവശ്യങ്ങൾക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാൻ അനുവാദമുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates