

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നതിനിടെ, അത്ഭുതകരമായി രക്ഷപ്പെട്ട ചിലര്‍ അവരുടെ അതിജീവനകഥ പങ്കുവയ്ക്കുന്നത് ഏറെ വേദനാജനകമായാണ്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ പലര്‍ക്കും കഴിഞ്ഞ രാത്രി അത്രയേറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു നല്‍കിയത്. രാത്രിയില്‍ ശക്തിയായി വെള്ളമൊഴുക്ക് കണ്ടപ്പോള്‍ വീട് വിട്ടിറങ്ങുകയായിരുന്നെന്ന് വയോധികരായ ദമ്പതികള്‍ പറയുന്നു. സമീപത്തുള്ള ഒരു കുന്നിന്റെ മുകളിലാണ് അഭയം തേടിയത്. അയല്‍വാസികളെ വിളിച്ചെങ്കിലും രാത്രി ഒരു മണിവരെ നോക്കാം. അതിനുശേഷം കൂടെ വരാമെന്നു പറഞ്ഞു.എന്നാല്‍ അവര്‍ എത്തിയില്ലെന്ന് ദമ്പതികള്‍ പറയുന്നു. പുലര്‍ച്ചെ വരെ കുന്നിന്‍ മുകളില്‍ കാത്തുനിന്ന ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ പ്രദേശമാകെ ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
ചൂരല്‍ മല സ്വദേശിയായ മറ്റൊരാള്‍ പറയുന്നത് ഇങ്ങനെ; 'വാതിലും മതിലും ഇടിഞ്ഞ് പൊളിഞ്ഞ് തലയിലാണ് വീണത്. വീട്ടിലാകെ വെള്ളം നിറഞ്ഞു. ഭയങ്കര ശബ്ദമായിരുന്നു. ഭാര്യയെയും പെങ്ങളെയും മകളെയും കാണാനില്ല. മണിക്കൂറുകളോളം വീടിനുള്ളില്‍ കുടുങ്ങി. ഞാന്‍ ഒരു ഓരത്തിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ചെളിയില്‍ കിടന്ന് നേരംവെളുപ്പിച്ചു. നേരം വെളുത്തപ്പോഴാണ് ആളുകള്‍ രക്ഷിക്കാനെത്തിയത്. എല്ലാ രേഖകളും അടക്കം സര്‍വതും നശിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു ബന്ധു തന്നെ വിളിച്ചുണര്‍ത്തി തങ്ങളുടെ പിഞ്ചു കുഞ്ഞിനെയും വഹിച്ചുകൊണ്ട് വീട്ടില്‍ നിന്ന് ഓടുകയായിരുന്നെന്ന് രക്ഷപ്പെട്ട യുവതി പറയുന്നു. പിന്നീട് അവരെക്കുറിച്ച് ഒരു വിവരം ഇല്ലെന്ന് യുവതി പറയുന്നു.
രാതി ഒരുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് ചൂരല്‍മല സ്വദേശിയായ സുലൈമാന്‍ പറഞ്ഞു. വീട്ടിനകത്തേക്ക് വെള്ളം അടിച്ചുകയറി. ഭാര്യ ചെളിയില്‍ കുടുങ്ങി. വലിച്ചിട്ട് കിട്ടിയില്ല. വാടകക്കാരനായ യുവാവ് എത്തിയാണ് ഭാര്യയെ രക്ഷിച്ചത്.പിന്നീട് തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് ഓടിക്കയറി. അവരും ഭയന്നിരിക്കുകയായിരുന്നു. രാത്രി ഞങ്ങളെല്ലാവരും നടന്ന് റോഡിലെത്തി. മറ്റൊരുവീട്ടില്‍ അഭയംതേടി. ദേഹത്തെ ചെളിയെല്ലാം കഴുകി കളയുന്നതിനിടെ രണ്ടാമതും ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞു. ഇതോടെ അവിടെനിന്നും ഇറങ്ങിയോടി. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വണ്ടി കിട്ടി. അതില്‍കയറി രക്ഷപ്പെട്ടു. ഭാര്യ ഇപ്പോഴും ഐസിയുവിലാണെന്ന് സുലൈമാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates