

സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ രൂപം കൊണ്ടെങ്കിലും, ഇന്ന് രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് വയനാട്. മലയോര, കാര്‍ഷിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വയനാട് മണ്ഡലം മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്നു. സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഏക ലോക്‌സഭ മണ്ഡലവും വയനാടാണ്. രൂപീകരിച്ച അന്നുമുതല്‍ കോണ്‍ഗ്രസിനെ തുണയ്ക്കുന്ന വയനാട്ടില്‍, ഇത്തവണ 14.29 ലക്ഷം സമ്മതിദായകരാണുള്ളത്.
വയനാട് ജില്ലയിലെ മണ്ഡലങ്ങള്‍ക്ക് പുറമെ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി ഏഴ് നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. 7,05,128 പുരുഷന്മാരും 7,24,637 സ്ത്രീകളും 14 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമുള്‍പ്പടെ 14.29 ലക്ഷം പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഏഴ് മണ്ഡലങ്ങളില്‍ നാലിടത്ത് യുഡിഎഫിനും മൂന്നിടത്ത് എല്‍ഡിഎഫിനുമാണ് മേല്‍ക്കൈ. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ യുഡിഎഫും മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവടങ്ങള്‍ എല്‍ഡിഎഫിനും ഒപ്പമാണ്.
2009 ലാണ് വയനാട് മണ്ഡലം നിലവില്‍ വരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എഐ ഷാനവാസ് റെക്കോര്‍ഡ് വോട്ടിനാണ് വിജയം നേടിയത്. ആദ്യതവണ തന്നെ കോണ്‍ഗ്രസ് ഭൂരിപക്ഷം ഒന്നരലക്ഷം കടന്നു. അത്തവണ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേക്കേറിയ കെ മുരളീധരന്‍ ഒരു ലക്ഷത്തിനടുത്ത് വോട്ട് നേടിയിട്ടും കോണ്‍ഗ്രസ് വിജയത്തിന്റെ മാറ്റുകുറഞ്ഞില്ല. സിപിഐ സ്ഥാനാര്‍ഥി എം റഹ്മത്തുള്ള രണ്ടരലക്ഷം വോട്ടുകള്‍ നേടി. 2014ലെ തെരഞ്ഞെടുപ്പിലും ഷാനവാസ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല രണ്ടാം തവണ. സ്വതന്ത്രരുള്‍പ്പടെ 15 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. ഷാനവാസ് ജയിച്ചെങ്കിലും ഭൂരിപക്ഷം ഇരുപതിനായിരത്തില്‍ ഒതുങ്ങി. സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി അത്തവണ വോട്ട് വിഹിതം മൂന്നരലക്ഷമായി ഉയര്‍ത്തി.
2019ലാണ് വയനാട് മണ്ഡലം ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നത്. അന്ന് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ മണ്ഡലം രാജ്യശ്രദ്ധനേടി. സിറ്റിങ് സീറ്റായ അമേഠിയിലെ രാഹുലിന്റെ വിജയം ചോദ്യചിഹ്നമായി മാറിയതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണുകള്‍ വയനാട് മണ്ഡലത്തില്‍ പതിയുന്നത്. രാഹുലിന്റെ വരവിനെ സംസ്ഥാനനേതൃത്വും ആവേശത്തോടെ വരവേറ്റു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2019ല്‍ ഇരുപത് സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉണ്ടായത്. കോണ്‍ഗ്രസിന്റ കോട്ടയില്‍ രാഹുലിന്റെ വിജയം ഉറപ്പായിരുന്നെങ്കിലും നേടിയ ഭൂരിപക്ഷം എതിരാളികളെപ്പോലും ഞെട്ടിച്ചു. സംസ്ഥാനം ഇതുവരെ കണ്ടതില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷമാണ് മണ്ഡലം പ്രിയനേതാവിന് നല്‍കിയത്. 64.94 ശതമാനം വോട്ടുകള്‍ നേടിയ രാഹുലിന്റെ വിജയം 4,31770 വോട്ടുകള്‍ക്കായിരുന്നു. രാഹുലിന്റെ വരവ് വയനാടിന് മാത്രമല്ല, സംസ്ഥാനത്ത് ഒട്ടാകെ കോണ്‍ഗ്രസ് തരംഗത്തിനും വഴിയൊരുക്കി.
ബിജെപിക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമൊന്നുമില്ല. വോട്ടുകള്‍ എണ്ണത്തില്‍ 2014നെക്കാള്‍ കുറവുണ്ടായിരുന്നു 2019ല്‍ എന്‍ഡിഎക്ക് . 2009ല്‍ ബിജെപിയുടെ വോട്ട് 31,687 ആയിരുന്നെങ്കില്‍ 2014ല്‍ അത് എണ്‍പതിനായിരം കടന്നു. രാഹുല്‍ തരംഗത്തില്‍ ബിജെപി സീറ്റ് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് നല്‍കി. മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കിട്ടിയത് 78,816 വോട്ടുകള്‍ മാത്രമാണ്. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 80.2% ആയിരുന്നു. 2016 നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഇത് 78.5% ആയിരുന്നു.
ഒരിക്കല്‍ പോലും വിജയം ഒപ്പം നിന്നിട്ടില്ലാത്തെ മലയോര മണ്ണില്‍ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫ് ഉറച്ച വിജയ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കിട്ടാന്‍ ഇടയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്ഥാനാര്‍ഥിയുടെ സാന്നിധ്യം ഇല്ലെങ്കില്‍ പോലും ഇത്തവണയും റെക്കോര്‍ഡ് വിജയുമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
