മക്കിമല ഭൂപ്രശ്നത്തിന് പരിഹാരമായി; പ്രയോജനം എഴുന്നൂറോളം കുടുംബങ്ങള്‍ക്ക്

പട്ടയ ഭൂമിയില്‍ കുടിയേറ്റം നടത്തിയ 150 ലധികം കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനും അഞ്ഞൂറിലധികം കൈവശക്കാര്‍ക്ക് അവരുടെ ആധാരത്തിന് അനുസരിച്ച് പോക്കവരവ് ചെയ്യാനും കരം ഒടുക്കാനുമാണ് അനുമതി ലഭിക്കുന്നത്.
K RAJAN
മന്ത്രി കെ രാജന്‍ ( makkimala land issue)ഫയല്‍
Updated on
1 min read

കല്‍പ്പറ്റ: വയനാട് മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്നം (makkimala land issue) പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും. പട്ടയ ഭൂമിയില്‍ കുടിയേറ്റം നടത്തിയ 150 ലധികം കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനും അഞ്ഞൂറിലധികം കൈവശക്കാര്‍ക്ക് അവരുടെ ആധാരത്തിന് അനുസരിച്ച് പോക്കുവരവ് ചെയ്യാനും കരം ഒടുക്കാനുമാണ് അനുമതി ലഭിക്കുന്നത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജില്‍ ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രയോജനം ലഭിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത നിരവധി ആളുകള്‍ ഭൂമിയില്‍ താമസിക്കുകയോ കൈവശം എടുക്കുകയോ ചെയ്തില്ല. ഇത്തരത്തില്‍ കൈവശം എടുക്കാത്ത ഭൂമിയില്‍ ആദിവാസികളുള്‍പ്പെടെ ഭൂരഹിതരായ നിരവധി ആളുകള്‍ കുടിയേറുകയുണ്ടായി. ഭൂമി കൈവശം എടുത്തവര്‍ നിരവധി കൈമാറ്റങ്ങള്‍ നടത്തി. എന്നാല്‍ പട്ടയ ഭൂമിയില്‍ നിലനിന്നിരുന്നതും സര്‍ക്കാര്‍ റിസര്‍വ് ചെയ്തിരുന്നതുമായ വിലപിടിപ്പുള്ള സംരക്ഷിത മരങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതു മൂലമാണ് പട്ടയ വിതരണവും പോക്കു വരവും തടസപ്പെടുകയായിരുന്നു.

മരങ്ങള്‍ നഷ്ടപ്പെട്ടതില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മരങ്ങള്‍ നഷ്ടപ്പെട്ട കാലഘട്ടം പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അര്‍ഹരായ കൈവശക്കാര്‍ പട്ടയം ലഭിക്കുന്നതിന് വേണ്ടി നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി. മരങ്ങളുടെ ബാധ്യത നിലവിലെ കൈവശക്കാരില്‍ നിന്നോ കുറ്റക്കാരില്‍ നിന്നോ ഈടാക്കണമെന്ന വ്യവസ്ഥ പട്ടയം നല്‍കുന്നതിന് തടസ്സമായി മാറി. ഇതുകൊണ്ട് തന്നെ പട്ടയ ഉടമസ്ഥരില്‍ നിന്നും ഭൂമി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയവര്‍ക്ക് പോക്കുവരവും ലഭിക്കാത്ത സാഹചര്യവുമുണ്ടായി. എന്നാല്‍ മക്കിമലയില്‍ ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് പട്ടയം നല്‍കുക എന്നത് ഒരു മുഖ്യവിഷയമായി പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി എന്നും മന്ത്രി വ്യക്തമാക്കി.

മരങ്ങള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റേയും കേസിലെ വിധിക്കും അനുസൃതമായി മരങ്ങളുടെ ബാധ്യത തിട്ടപ്പെടുത്താമെന്നും ഇപ്പോള്‍ മരങ്ങളുടെ ബാധ്യത ഒഴിവാക്കി പട്ടയം നല്‍കാനും, പോക്കുവരവ് ചെയ്തു കൊടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതോടെയാണ് മക്കിമലയില്‍ പട്ടിക വര്‍ഗ്ഗക്കാരുള്‍പ്പെടെ ആയിരത്തിലധികം ഭൂരഹിതര്‍ ഭൂമിയുടെ അവകാശികളായി മാറുന്ന നിലയുണ്ടായത്. പട്ടയ വിതരണത്തിനുള്ള നടപടികളും നിയമാനുസൃത പോക്കു വരവിനുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com