

കോഴിക്കോട്: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.
വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ് നിര്‍ദ്ദിഷ്ട തുരങ്കപാത. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.735 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും.
ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്. കിഫ്ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ എന്നിവ ത്രികക്ഷി കരാറിലൂടെയാണ് തുരങ്കപാത നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇത് മാറും.
കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. രണ്ട് പാക്കേജുകളിലായി പാലവും അപ്രോച്ച് റോഡും നാലുവരി തുരങ്കപാതയും നിര്‍മിക്കും. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സംവിധാനം, ശബ്ദ, വെളിച്ചസംവിധാനങ്ങള്‍, നിരീക്ഷണ കാമറകള്‍, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ തുരങ്കത്തിന് അകത്തുണ്ടാകും.
പാത യാഥാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെത്താം. മലയോര ഹൈവേയുമായും തുരങ്കപാതയില്‍ നിന്നുള്ള റോഡിനെ ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ രണ്ടുവരിപ്പാതയും തുടര്‍ന്ന് നാലുവരിപ്പാതയുമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയില്‍ വയനാട് ജില്ലയില്‍ 8.0525 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ 8.1225 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കൈമാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates